ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കോടതിയിൽ ഹാജരായി. റൂസ് അവന്യൂ കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ഹാജരായത്. നേരിട്ട് ഹാജരാകാത്തത് നിയമസഭാ സമ്മേളനമായതിനാലെന്നു കെജ്രിവാൾ വിശദീകരിച്ചു. മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാൾ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി കോടതിയെ സമീപിക്കുകയായിരുന്നു. കേസ് മാർച്ച് 16ന് കോടതി അടുത്തതായി പരിഗണിക്കും. അന്ന് നേരിട്ട് ഹാജരാകമെന്ന് അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാളിനോട് ഇന്ന് ഹാജരാകാൻ കോടതി കഴിഞ്ഞയാഴ്ച സമൻസ് അയച്ചിരുന്നു. ഇത് അനുസരിക്കാൻ അദ്ദേഹം നിയമപരമായി ബാധ്യസ്ഥനാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ നൽകിയ അഞ്ച് സമൻസുകൾ അദ്ദേഹം ഒഴിവാക്കുകയായിരുന്നു. സമൻസ് അനുസരിക്കാൻ ഡൽഹി മുഖ്യമന്ത്രി മനഃപൂർവം തയ്യാറായില്ലെന്നും മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇഡി പരാതിയിൽ ആരോപിച്ചു. അദ്ദേഹത്തെപ്പോലുള്ള ഒരു ഉയർന്ന പൊതുപ്രവർത്തകൻ നിയമം അനുസരിക്കാതിരുന്നാൽ അത് സാധാരണക്കാർക്ക് തെറ്റായ മാതൃക നൽകുമെന്നും ഇഡി ചൂണ്ടികാട്ടി.
അദ്ദേഹം ഇന്ന് ഡൽഹിയിൽ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നേരിടുകയാണ്. അറസ്റ്റിലാകുമെന്ന സൂചനകൾ ശക്തമാവുന്ന സാഹചര്യത്തിലാണ് അരവിന്ദ് കേജ്രിവാൾ വിശ്വാസ വോട്ട് തേടുന്നത്. അതേസമയം ബിജെപി സർക്കാർ ഇഡിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നാണ് ആംആദ്മിയുടെ ആരോപണം. അടുത്ത വർഷമാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആംആദ്മി ആരോപിക്കുന്നു .
Discussion about this post