ന്യൂഡൽഹി: 2024ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി ബിജെപിയുടെ ഭാഗ്യ ചിഹ്നമായ താമരയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് നടക്കുന്ന ബിജെപി ദേശീയ കൺവെൻഷനിൽ ബിജെപി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ജന സംഘം സ്ഥാപകനായ ശ്യാമ പ്രസാദ് മുഖർജിക്കുള്ള അംഗീകാരമായിരിക്കും അതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നെ ശക്തമായി എതിർത്ത ഒരാളാണ് ശ്യാമ പ്രസാദ് മുഖർജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും ചേർന്ന് 400 സീറ്റുകൾ നേടും. 370 സീറ്റുകൾ നേടിക്കൊണ്ട് ബിജെപി ശ്യാമപ്രസാദ് മുഖർജിക്ക് ആദരവർപ്പിക്കും. പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനിടയിൽ അനാവശ്യമായ പ്രശ്‌നങ്ങൾ പ്രതിപക്ഷം ഉയർത്തുമെങ്കിലും രാജ്യത്തിന്റെ വികസനത്തിലും പാവപ്പെട്ടവരുടെ ഉന്നമനത്തിലും ആഗോളതലത്തിലുള്ള രാജ്യത്തിന്റെ ഉയർച്ചയിലും മാത്രം പ്രവർത്തകർ ശ്രദ്ദ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.
ബിജെപിയുടെ ദ്വിദിന ദേശീയ കൺവെൻഷനിൽ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ സ്വീകരിച്ചു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന എക്സിബിഷൻ സെന്ററിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. കൺവെൻഷനിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മറ്റ് മുതിർന്ന നേതാക്കളും ഇന്ന് രാവിലെ ഭാരത് മണ്ഡപത്തിൽ എത്തിയിരുന്നു.
കേന്ദ്രമന്ത്രിമാർ, ദേശീയ-സംസ്ഥാനതല പാർട്ടി ഉദ്യോഗസ്ഥർ, ദേശീയ കൗൺസിൽ അംഗങ്ങൾ, എംപിമാരും മുൻ എംപിമാരും, എംഎൽഎമാർ, നിയമസഭാ കൗൺസിൽ അംഗങ്ങൾ, മുൻ സംസ്ഥാന പ്രസിഡന്റുമാർ, കോ-ഓർഡിനേറ്റർമാർ, ലോക്‌സഭാ ക്ലസ്റ്ററുകൾ, മേയർമാർ, മുനിസിപ്പൽ കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും ചെയർപേഴ്‌സൺമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ, വിവിധ മുന്നണികളുടെ സംസ്ഥാന കോർഡിനേറ്റർമാർ, മാദ്ധ്യമങ്ങൾ, സോഷ്യൽ മീഡിയ, ഐടി സെൽ കോർഡിനേറ്റർമാർ തുടങ്ങി വിവിധ പ്രമുഖർ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post