വയനാട്: കുറുവാ ദ്വീപിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചർ പോളിന് യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറും മെഡിക്കൽ കോളേജ് സൂപ്രണ്ടും ആക്രമണത്തെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.
സംഭവത്തിൽ ഡോക്ടർമാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് നൽകുന്ന വിശദീകരണം. വിഷയത്തിൽ റിപ്പോർട്ട് തേടുമെന്നും പരിശോധിച്ച ശേഷം വേണ്ട നടപടികൾ എടുക്കുമെന്നും മന്ത്രി അറിയിച്ചു. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോൾ കാട്ടാനയുടെ മുന്നിൽ പെട്ടത്. അതീവ ഗുരുതരവസ്ഥയിലാണ് മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോളിന് കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെന്നും മാനന്തവാടിയിൽ യാതൊരു ചികിത്സയും നൽകിയില്ലെന്നും മകൾ ആരോപിച്ചിരുന്നു.
അതേസമയം, വന്യജീവി ആക്രമണം രൂക്ഷമായതോടെ പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലെത്തിയതോടെ പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. ഇതോടെ പോലീസിനെതിരെ ജനങ്ങൾ കുപ്പികൾ വലിച്ചെറിഞ്ഞു. ഗോ ബാക്ക് മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധക്കാർ പോലീസിന് നേരെ എത്തിയത്.
ആയിരക്കണക്കിന് ജനങ്ങളാണ് വിവിധ സംഘങ്ങളായി തരിഞ്ഞ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎൽഎക്കെതിരെയും പ്രതിഷേധമുണ്ടായി. ജനപ്രതിനിധികൾക്ക് നേരെയും പ്രതിഷേധക്കാർ കുപ്പികൾ വിലിച്ചെറിഞ്ഞു.
Discussion about this post