ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്താൻ ഭാരതം. ഇതിനായി കൂടുതൽ നിരീക്ഷണ വിമാനങ്ങൾ വാങ്ങാനാണ് തീരുമാനം. ഈ വിമാനങ്ങൾ നാവിക സേനയ്ക്കും തീരസംരക്ഷണ സേനയ്ക്കുമായി വിഭജിച്ച് നൽകും.
പ്രതിരോധ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. 12 വിമാനങ്ങളാകും സമുദ്ര മേഖലയിലെ നിരീക്ഷണത്തിനായി ഭാരതം പുതുതായി വാങ്ങുക. 2,900 കോടി രൂപ ചിലവിട്ടാണ് വിമാനങ്ങൾ വാങ്ങുന്നത്. വിമാനം എത്തുന്നതോട് കൂടി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയുടെ ശക്തി കൂടുതൽ വർദ്ധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പുതുതായി കൂടുതൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് വിമാനം വാങ്ങുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയത്.
12 എണ്ണത്തിൽ ഒൻപത് എണ്ണമാകും നാവിക സേനയ്ക്ക് ആകും നൽകുക. ബാക്കിയുള്ള ആറെണ്ണം തീരസംരക്ഷണ സേനയ്ക്ക് നൽകും. സി-295 എയർബസ് വിമാനം ആകും വാങ്ങുകയെന്നാണ് സൂചന. ഇതിൽ നാലെണ്ണം യൂറോപ്പിലും ബാക്കിയുള്ളവ ഇന്ത്യയിലും നിർമ്മിക്കും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന് ആകും വിമാനങ്ങളുടെ നിർമ്മാണ ചുമതല.
സമുദ്രമേഖലയിൽ ഇന്ത്യ ശക്തമായ സുരക്ഷയാണ് ഉറപ്പുവരുത്തിയിട്ടുള്ളത്. ഈ സുരക്ഷ കൂടുതൽ ശക്തമാക്കുകയാണ് കൂടുതൽ വിമാനങ്ങൾ വാങ്ങുന്നതിലൂടെ ഭാരതത്തിന്റെ ലക്ഷ്യം. ഇതിന് പുറമേ സമുദ്രനിരീക്ഷണത്തിനായി വ്യോമസേനയ്ക്ക് പുതിയ ആറ് റി ഫ്യുവലിംഗ് വിമാനങ്ങൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post