അബുദാബി: യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്‌സിൽ ദർശനം നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശ്ശൂർ ബിജെപിയുടെ ഫേസ്ബുക്ക് പേ്ജിലാണ് അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഈ മാസം 14 നായിരുന്നു ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയത്.
മുണ്ടുടുത്ത് കൊണ്ട് പരമ്പരാഗത രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ദർശനത്തിന് ശേഷം തിരികെയെത്തിയ അദ്ദേഹത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു സുരേഷ് ഗോപി യുഎഇയിൽ എത്തിയത്. ബാപ്‌സ് ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ചുള്ള പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി സുരേഷ് ഗോപിയ്ക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും മകളുടെ കല്യാണവുമായി ബന്ധപ്പെട്ട തിരക്കിനെ തുടർന്ന് ചടങ്ങിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാപ്‌സ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം യുഎഇയിൽ എത്തിയത്.
അബുദാബിയിലെ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭക്തർക്കായി തുറന്നത്. ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിർ എന്നാണ് ക്ഷേത്രത്തിന്റെ പൂർണനാമം. യുഎഇയിൽ എത്തിയ പ്രധാനമന്ത്രി അഹ്‌ലൻ മോദി എന്ന പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തിരുന്നു. ഈ പരിപാടിയിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നു.












