ഇന്ന് യുവാക്കളിൽ മുതൽ പ്രായമായവരിൽ വരെ കണ്ടു വരുന്ന ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോളും പ്രമേഹവും. ഇവ രണ്ടും നിയന്ത്രിക്കാനായി മരുന്നുകളെ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ ഇവയെ വരുധിയിലാക്കാം. നാം വീട്ടിൽ ഉപയോഗിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ കൊണ്ട് നമുക്ക് കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കാം. ഏതൊക്കെയാണ് ആ സുഗന്ധവ്യജ്ഞനങ്ങൾ എന്ന് നോക്കാം…
വെളുത്തുള്ളിയാണ് ഇവയിൽ മുൻപന്തിയിൽ. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആലിസിൻ കൊളസ്‌ട്രോളിനെ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഗ്യാസും അസിഡിറ്റിയും പോലുള്ള നിരവധി ബുദ്ധിമുട്ടുകൾക്ക് വെളുത്തുള്ളി പരിഹാരമാണ്.
ഉലുവയാണ് മറ്റൊന്ന്. ഫൈബർ ധാരാളം അടങ്ങിയ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കും. കൊളസ്‌ട്രോളിനെയും പ്രമേഹത്തെയും പിടിച്ചു കെട്ടാൻ സഹായിക്കുന്ന മറ്റൊരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണിത്. ഫൈബറും ആൻറി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിർത്താനും കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കും.
ഇഞ്ചിയാണ് മറ്റൊരു പ്രതിവിധി. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.












