ചരിത്രത്തിലും സംസ്കാരത്തിലും ഏറെ പ്രാധാന്യമുണ്ടെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിലാണ്ട് പോയ നിരവധി പ്രദേശങ്ങളും സ്മാരകങ്ങളും ഇന്ത്യയിൽ ഉണ്ട്. പൗരാണിക കാലത്തെ കോട്ടകൾ എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും ഏതൊരു സഞ്ചാരിയുടെയും മനസ്സിലേക്ക് എത്തുക രാജസ്ഥാനിലെയും മറ്റും കോട്ടകൾ ആയിരിക്കും. എന്നാൽ മറാത്ത രാജാവായ ഛത്രപതി ശിവജി തന്നെ ഇന്ത്യയിലെ ഏറ്റവും അജയ്യമായ കോട്ട എന്ന് വിശേഷിപ്പിച്ച ഒരു കോട്ട നമ്മുടെ ദക്ഷിണേന്ത്യയിൽ തന്നെയുണ്ട്. ബ്രിട്ടീഷുകാർ ഈ കോട്ടയെ “കിഴക്കിന്റെ ട്രോയ് ” എന്നായിരുന്നു വിളിച്ചിരുന്നത്. ആക്രമണം നടത്തുന്ന ഏത് സൈന്യത്തെയും പ്രതിരോധിക്കാനുള്ള തന്ത്രപ്രധാനമായ ഒരു സ്ഥലമായി നിർമ്മിച്ച ഈ കോട്ടയ്ക്ക് ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്.
ഇന്ത്യയുടെ ചരിത്രത്തിലും സംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ള സെഞ്ചി കോട്ട തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ജിഞ്ചി കോട്ട എന്ന പേരിലും ചിലപ്പോൾ ഈ കോട്ട അറിയപ്പെടാറുണ്ട്. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്ന് 160 കിലോമീറ്റർ അകലെ വില്ലുപുരം ജില്ലയിലാണ് ഈ പുരാതന കോട്ട സ്ഥിതിചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് സമീപമാണ് ഈ പ്രദേശം. എഡി 1190-ൽ കോനാർ രാജവംശത്തിലെ അനന്ത കോൻ രാജാവാണ് ഈ കോട്ട ആദ്യം പണികഴിപ്പിച്ചത്.
സെഞ്ചി പട്ടണത്തെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കുന്നതിനായി 13-ആം നൂറ്റാണ്ടിൽ സെഞ്ചി കോട്ട തകർക്കാൻ കഴിയാത്ത രീതിയിൽ പരിഷ്‌ക്കരിച്ച് പുനർ നിർമ്മിച്ചു. മൂന്ന് കുന്നുകളിലായാണ് സെഞ്ചി കോട്ട സമുച്ചയം സ്ഥിതി ചെയ്യുന്നത്. വടക്ക് കൃഷ്ണ കോണിന്റെ പേരിലുള്ള കൃഷ്ണഗിരിയും പടിഞ്ഞാറ് രാജഗിരി അല്ലെങ്കിൽ ആനന്ദ കോണിന്റെ പേരിലുള്ള ആനന്ദഗിരിയും തെക്ക് കിഴക്ക് ചക്കിലിദുർഗുമാണ് ഈ കുന്നുകൾ. ചോള രാജാക്കന്മാർ മുതൽ ദക്ഷിണേന്ത്യയിലെ വിവിധ രാജവംശങ്ങൾ ഈ കോട്ട ഭരിച്ചിരുന്നതായാണ് ചരിത്രം.
ആക്രമിക്കാൻ എത്തുന്ന ശത്രു സൈന്യത്തെ എളുപ്പം തിരിച്ചറിയുന്നതിനും പ്രത്യാക്രമണം നടത്തുന്നതിനുമായി വളരെ തന്ത്രപ്രധാനമായ ഒരു സ്ഥലത്താണ് സെഞ്ചി കോട്ട നിർമ്മിച്ചിട്ടുള്ളത്. എ ഡി 1677ൽ ഛത്രപതി ശിവജിയുടെ നേതൃത്വത്തിൽ മറാത്തകൾക്കുവേണ്ടി സുബേദാർ ഹർജി രാജേമഹാദിക് ഈ കോട്ട ആദ്യമായി കീഴടക്കിയത് എന്നാണ് അറിയപ്പെടുന്നത്. ഈ കോട്ടയുടെ ശക്തി തിരിച്ചറിഞ്ഞ മാറാത്ത സൈന്യം കോട്ടയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചു. 1691-ൽ മുഗൾ ജനറൽമാരായ സുൽഫിക്കർ ഖാൻ , അസദ് ഖാൻ , കാം ബക്ഷ എന്നിവർ സെഞ്ചി കോട്ട ഉപരോധിച്ചുവെങ്കിലും സാന്താജി ഘോർപഡെയുടെ ഭരണത്തിൻ കീഴിൽ ഉപരോധത്തെ ഈ കോട്ട വിജയകരമായി പ്രതിരോധിച്ചു . മുഗളന്മാരുടെ ഉപരോധം ഏഴു വർഷത്തോളം നീണ്ടിട്ടും ഈ കോട്ട പിടിച്ചെടുക്കാൻ മുഗൾ സൈന്യത്തിന് ആയില്ല എന്നുള്ളതാണ് സെഞ്ചി കോട്ടയെ ഏറ്റവും സവിശേഷമാക്കുന്നത്.
800 അടി ഉയരവും 13 കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന ഭിത്തികളും ആണ് സെഞ്ചി കോട്ടയുടെ പ്രധാന പ്രത്യേകത. ഏഴ് നിലകളുള്ള ഒരു വിവാഹമണ്ഡപം , കളപ്പുരകൾ , ജയിൽമുറികൾ , ചെഞ്ചിയമ്മൻ എന്ന ദേവതയ്ക്കായുള്ള ഒരു ക്ഷേത്രം, ആനക്കുളം എന്നറിയപ്പെടുന്ന ഒരു പുണ്യ കുളവും ചേർന്നതാണ് സെഞ്ചി കോട്ട സമുച്ചയം. 1921-ൽ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച സെഞ്ചി കോട്ട നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിപാലനത്തിലും നിയന്ത്രണത്തിലും ഉള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.
Discussion about this post