ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ‘ഫിർ ഏക് ബാർ മോദി സർക്കാർ’ പ്രചാരണ ഗാനം പുറത്തിറക്കി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ബിജെപി ദേശീയ കൺവെൻഷനിലാണ് പ്രചാരണ ഗാനം പുറത്തിറക്കിയത്.
ബഹുഭാഷകളിലായി പുറത്തിറക്കിയ ഗാനത്തിൽ 24 ഇന്ത്യൻ പ്രാദേശിക ഭാഷകളിലുള്ള വരികളുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിലും പ്രദേശങ്ങളിലുമായി സംഭവിച്ച വികസനങ്ങളിൽ ഉൗന്നിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഫിർ ഏക് ബാർ മോദി സർക്കാർ എന്ന ബിജെപിയുടെ മുദ്രാവാക്യം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ബിജെപി നേതാക്കൾ ഈ തീമിന് കീഴിൽ ചുമർ ചിത്രങ്ങൾ വരച്ചു. എക്ബാർഫിർസെമോദിസർക്കാർ എന്ന വെബ്സൈറ്റും പാർട്ടി പുറത്തിറക്കിയിട്ടുണ്ട്.
അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കണമെന്ന് നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രചാരണം എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെന്നും എല്ലാ പുതിയ വോട്ടർമാരിലേക്കും എത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘തിരഞ്ഞെടുപ്പ് അടുക്കുന്ന ഈ വേളയിൽ വരുന്ന 100 ദിവസങ്ങൾ പുതിയ ഊർജ്ജത്തോടെ വേണം പ്രവർത്തിക്കാൻ. പ്രചാരണം ഓരോ പുതിയ വോട്ടർമാരിലേക്കും എത്തണം. എല്ലാ വിഭാഗങ്ങളിലേക്കും പ്രചരണം എത്തണം. ഓരോ പദ്ധതികളുടെ ഗുണങ്ങളും ഓരോ ഗുണഭോക്താക്കളിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം’- പ്രധാനമന്ത്രി പറഞ്ഞു.
സ്വപ്നങ്ങളും ചിന്തകളും യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് തെളിയിച്ചു. രാജ്യത്തിന്റെ സ്വപ്നവും ദൃഢനിശ്ചയവും ഇനി വലുതായിരിക്കും. വികസിത ഭാരതം എന്നതാണ് നമ്മുടെ സ്വപ്നം. ഈ സ്വപ്നത്തിലേക്ക് നാം വലിയൊരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയെ പുതിയ ഉയരത്തിലെത്തിക്കും. മൂന്നാം തവണയും ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post