ഖത്തറിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട നാവികരെ തിരിച്ച് കൊണ്ട് വന്ന സംഭവത്തെ പറ്റി ആണ്. ചില പോയിന്റുകൾ പരാമർശിക്കാതെ തന്നെ വിഷയത്തിന്റെ ഒരു ബാക്ഗ്രൗണ്ട് പറയാൻ ആണ് ശ്രമിക്കുന്നത്. ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ മാത്രമേ ചികഞ്ഞ് ചെന്നാൽ പബ്ലിക്കിന് കിട്ടൂ. എന്തോ കാരണത്താൽ 8 മുൻ ഇന്ത്യൻ നാവികരെ ഖത്തർ തടവിലാക്കി എന്നും അജിത് ഡോവലും ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസും പിന്നണിയിലും വിദേശകാര്യ മന്ത്രി ജയശങ്കറും മോദിയും നേരിട്ട് മുന്നണിയിലും നിന്ന് പ്രവർത്തിച്ചാണ് ഒരു ഡീൽ ഉണ്ടാക്കിയത് എന്ന് മാത്രമേ കാണാൻ കഴിയൂ. ഇനി വിഷയത്തിലേക്ക്.
2020ൽ ആണ് ഖത്തർ അവരുടെ നേവിയുടെ ഭാഗമായി അന്തർവാഹിനികൾ ഓപ്പറേറ്റ് ചെയ്യാൻ തീരുമാനിക്കുന്നത്. 2017ൽ ഇറ്റലിയുമായി ഒപ്പ് വെച്ച 5 ബില്യൺ യൂറോയുടെ കരാറിന്റെ ഭാഗമായി ആണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും അത് വരെ അറേബ്യൻ ഗൾഫിൽ ഇറാൻ മാത്രമാണ് അന്തർവാഹിനികൾ ഓപ്പറേറ്റ് ചെയ്തിരുന്ന രാജ്യം എന്നിരിക്കെ ഇത് മേഖലയിലെ നാവിക സന്തുലിതാവസ്ഥയെ കാര്യമായി ബാധിയ്ക്കുന്ന നീക്കം ആയിരുന്നു. Fincantieri എന്ന കമ്പനിയിൽ നിന്ന് U212 Todaro ക്ലാസ് അന്തർവാഹിനികൾ ആണ് വാങ്ങാൻ തീരുമാനിച്ചിരുന്നത്. ഇത്തരം നാല് അന്തർവാഹിനികൾ നിലവിൽ ഇറ്റാലിയൻ നേവിയുടെ ഭാഗമാണ്. നാലെണ്ണം കൂടി നിർമ്മാണത്തിലുമുണ്ട്.
Howaldtswerke-Deutsche Werft അഥവാ HDW എന്ന ജർമ്മൻ കമ്പനി ആണ് ഈ അന്തർവാഹിനികൾ വികസിപ്പിച്ചത്. ഇവ ജർമ്മനിയുടെയും ഇറ്റലിയുടെയും നേവികൾക്ക് വേണ്ടി മാത്രമായി നിർമ്മിക്കപ്പെട്ട ക്ലാസിഫൈഡ് ടെക്നോളജി ആണ്. ഇതിന്റെ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയ്ക്കായി ഉണ്ടാക്കിയ സീക്രസി ഉള്ള ടെക്നോളജികൾ കുറഞ്ഞ വേർഷൻ U214 എന്നാണ് അറിയപ്പെടുന്നത്. ഇത് ഗ്രീസും തുർക്കിയും ദക്ഷിണകൊറിയയും അടക്കം പല രാജ്യങ്ങൾക്കും വില്പന നടന്നിട്ടുണ്ട്. പാകിസ്താൻ ഒരു സമയത്ത് ഇത് വാങ്ങാൻ ആലോചിക്കുകയും പിന്നീട് കാശ് നോക്കി ആവണം ചൈനയുടെ മതി എന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഖത്തറിന് ക്ലാസിഫൈഡ് ആയ U212 വേർഷൻ തന്നെ കിട്ടും എന്ന് പറയുന്നത് അല്പം കൗതുകകരമാണ്.
ഇനിയാണ് ട്വിസ്റ്റ്. ജർമ്മനിയും ഇറ്റലിയും അല്ലാതെ ക്ലാസിഫൈഡ് ആയ U212 മോഡൽ അല്പം മാറ്റങ്ങളോടെ ഉപയോഗിക്കുന്ന ഏക മൂന്നാം രാജ്യമാണ് ഇസ്രായേൽ. Dolphin-I ക്ലാസ് എന്ന പേരിൽ ഇത്തരം മൂന്ന് അന്തർവാഹിനികൾ ഇസ്രായേലിനുണ്ട് എന്ന് മാത്രമല്ല ഇവയിൽ ആണ് ഇസ്രയേലിന്റെ നാവിക സേനയെ ആശ്രയിച്ചുള്ള ന്യൂക്ലിയർ സെക്കന്റ് സ്ട്രൈക്ക് മിസൈലുകൾ ഒരുക്കി നിർത്തിയിട്ടുള്ളത് ഉള്ളത് എന്നും കരുതപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജൂതന്മാർക്ക് നേരെ നടന്ന അക്രമങ്ങൾക്ക് നഷ്ട്പരിഹാരമായി ജർമ്മനി ഇപ്പോഴും ഇസ്രായേലിന് നൽകുന്ന reparationsന്റെ ഭാഗമാണ് HDW നിർമ്മിച്ച് നൽകുന്ന ഈ അന്തർവാഹിനികൾ.
ഇപ്പോൾ കുറച്ച് കൂടി കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവുന്നില്ലേ? ഇസ്രയേലിന്റെ സ്ട്രാറ്റജിക് അസറ്റായ അന്തർവാഹിനികളുടെ അതേ ഡിസൈനും ടെക്നോളജിയുമാണ് ഖത്തറിനു ലഭിക്കാൻ പോകുന്നത്. ഖത്തർ ഇസ്രായേലുമായി ബന്ധങ്ങളിൽ യാതൊരു നീക്കു പോക്കിനും തയ്യാറാവാത്ത അറബ് രാജ്യമാണ്. അവർ ഉപയോഗിക്കുന്ന അതേ മോഡൽ എന്നതിലുപരി U212 അന്തർവാഹിനി കടലിൽ ഓപ്പറേറ്റ് ചെയ്യുന്നത് മുൻകൂട്ടി കണ്ടു പിടിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ലേറ്റസ്റ്റ് സ്റ്റെൽത്ത് ടെക്നോളജി ഉള്ളതാണ്. അത് കൊണ്ട് ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഈ ഡീൽ ഒരു വെല്ലുവിളി ആണു എന്ന് അവർ വിലയിരുത്താനും അതിനെ പറ്റി വിവരങ്ങൾ ശേഖരിക്കാൻ ചാരപ്രവർത്തി നടത്താനും എല്ലാ സാധ്യതയും ഉണ്ട് എന്നർത്ഥം.
ഇത്രയുമാണ് ഫാക്ട്സ്. ഇനി അല്പം ചോദ്യങ്ങൾ ആണ്. ഇസ്രായേൽ മറ്റു രാജ്യക്കാരെ ഉപയോഗിച്ച് ചാര പ്രവർത്തി നടത്തുന്നത് ആദ്യമായി ഒന്നുമല്ല. എങ്കിലും ഇസ്രായേലിന് ഖത്തറിന് ലഭിക്കാൻ പോകുന്ന അന്തർവാഹിനിയെ പറ്റി വിവരങ്ങൾ അറിയണമെങ്കിൽ അവരുടെ യൂറോപ്പിലെ ബന്ധങ്ങൾ കണക്കിലെടുത്താൽ നേരിട്ട് ഇറ്റലിയെയോ ജർമനിയെയോ തന്നെ സമീപിക്കുക അല്ലേ എളുപ്പം? നിലവിൽ ഖത്തറിൽ വെച്ച് നിർമ്മാണം പോലും നടക്കുന്നില്ലാത്ത ഒരു പ്രോജക്ടിൽ ഖത്തർ നേവിയ്ക്ക് സപ്പോർട്ട് സർവീസ് നൽകുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർക്ക് എന്ത് വിവരം ആക്സസ് ചെയ്യാൻ കഴിയും?
ഇന്ത്യ എന്ത് തെളിവുകൾ നൽകി ആണ് മുൻ നാവികരുടെ നിരപരാധിത്വം തെളിയിച്ചത് എന്നും എന്ത് ഡീലുകൾ ആണ് ഇതിന് പകരമായി ഖത്തറിന് നൽകിയിരിക്കുന്നത് എന്നും വരും കാലത്ത് പുറത്ത് വന്നേക്കാം. ഒരു പക്ഷേ അജിത് ഡോവലിന്റെ ഒപ്പം മണ്ണിൽ മറയുന്ന മറ്റൊരു സ്റ്റേറ്റ് സീക്രട്ടായി അത് തീർന്നേക്കാനും മതി.
Discussion about this post