ന്യൂഡൽഹി: ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി. ഇനി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് ഡബിൾ വെരിഫിക്കേഷൻ കൂടിയേ തീരൂ. ഏപ്രിൽ ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക. പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടേതാണ് തീരുമാനം.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, സ്‌കീമിൽ രണ്ട് ഘട്ടത്തിൽ പരിശോധന പൂർത്തിയാക്കണം. ഇതനുസരിച്ച്, സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി (സിആർഎ) സംവിധാനത്തിലേക്കുള്ള ലോഗിൻ കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്. ദേശീയ പെൻഷൻ സ്‌കീം (എൻപിഎസ്) അംഗങ്ങളുടെ താൽപര്യം കണക്കിലെടുത്താണ് ഈ നടപടി.
നിലവിൽ എൻപിഎസ് അംഗങ്ങൾക്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് യൂസർ ഐഡിയും പാസ്വേഡും ഉണ്ട്. അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കണമെങ്കിൽ ഈ യൂസർ ഐഡിയും പാസ്വേഡും അത്യാവശ്യമാണ്. നിലവിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നോഡൽ ഓഫീസർമാർ സിആർഎ ലോഗിൻ ചെയ്യുന്നതിന് പാസ്വേഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇത് കൂടുതൽ സുരക്ഷിതമാക്കാനാണ് ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്.
പിഎഫ്ആർഡിഎ പറയുന്നത് അനുസരിച്ച് ആധാർ അടിസ്ഥാനമാക്കിയുള്ള ലോഗിൻ വെരിഫിക്കേഷൻ എൻപിഎസ് അംഗത്തിന്റെ ഉപയോക്തൃ ഐഡിയുമായി ബന്ധിപ്പിക്കും. ഇതിന് ശേഷം ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി എൻപിഎസ് അക്കൗണ്ട് ലോഗിൻ ചെയ്യാം.
Discussion about this post