തിരുവനന്തപുരം :ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ആയിരങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് എത്തുന്നത്. ഫ്രെബുവരി 25 ന് ആണ് ആറ്റുകാൽ പൊങ്കാല . സംസ്ഥാനത്ത് കുറച്ച് ദിവസങ്ങളായി ചൂട് ഉയർന്നു വരികയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതുമാണ്.
ആരോഗ്യവകുപ്പ് പുറത്തുവിട്ട നിർദ്ദേശങ്ങൾ എന്തെല്ലാമെന്ന് നോക്കാം
കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക ,നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക ,ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക ,തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുക, ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക , ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക ,കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്,
പൊള്ളൽ ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്
തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത് , ചുറ്റുമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം , അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത് , തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം , വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്, പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം ,
ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകൾ കഴുകണം , തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങി കഴിക്കരുത് , പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക , മാലിന്യങ്ങൾ വലിച്ചെറിയരുത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക
Discussion about this post