വയനാട് :വന്യജീവി ആക്രമണങ്ങൾ ഒഴിയാതെ വയനാട്. ശനിയാഴ്ച കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പനവല്ലി കാൽവരി എസ്റ്റേറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂളിവയൽ സ്വദേശി ബീരാനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തടിക്കച്ചവടവുമായി ബന്ധപ്പെട്ട് കാൽവരി എസ്റ്റേറ്റിൽ പോയതായിരുന്നു ബീരാനും സുഹൃത്തും. ഇതിനിടയിൽ കാട്ടുപോത്ത് ഓടി വന്ന് ബീരാനെ ആക്രമിക്കുകയായിരുന്നു. ബീരാനെ കുത്തി മറിച്ചിടുകയും ചവിട്ടുകയും ചെയ്തു . കൂടെ ഉണ്ടായിരുന്ന ആൾ ഒഴിഞ്ഞു മാറിയതിനാൽ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. സുഹൃത്തുക്കളും സമീപവാസികളും ചേർന്ന് ഉടൻതന്നെ ബീരാനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മുഖത്താണ് ബീരാന് പരിക്കേറ്റിരിക്കുന്നത്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. നേരത്തെയും കാട്ടുപോത്തിന്റെ സാന്നിധ്യം എസ്റ്റേറ്റിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
Discussion about this post