തിരുവനന്തപുരം: ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയിൽ. തമിഴ്‌നാട് മയിലാടുംതുറ സ്വദേശി സാദിഖ് ബാഷയാണ് വ്യാജ പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി പിടിയിലായത്. ആറ്റുകാൽ പൊങ്കാല ദിവസമാണ് ഇയാളെ വട്ടിയൂർക്കാവ് പോലീസ് പിടികൂടിയത്.
സാദിഖ് ബാഷയുടെ ഭാര്യ ഇയാളുമായി പിണങ്ങി കഴിയുകയാണ്. ഇവരെ അനുനയിപ്പിക്കാൻ നാലംഗ സംഘത്തോടൊപ്പം സാദിഖ് ഭാര്യ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ, പ്രതിയോടൊപ്പം പോകാൻ ഭാര്യ തയ്യാറാകാതെ വന്നതോടെ സാദിഖ് ബാഷയും സംഘവും പ്രദേശത്ത് ബഹളം വച്ചു. ഇതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പ്രതിയും കൂട്ടാളികളും എത്തിയത് പോലീസിന്റെ സ്റ്റിക്കർ പതിപ്പിച്ച കാറിൽ ആണെന്ന് കണ്ടെത്തുകയായിരുന്നു.
കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കിയത്. ജാമ്യം കിട്ടുന്ന വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ പോലീസ് ആദ്യം കേസെടുത്തത്. എന്നാൽ, പിന്നീടുള്ള അന്വേഷണത്തിൽ വ്യാജ ഐഡിക്കാർഡ് ആണ് ഇയാൾ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഇതേ തുടർന്ന് കൂടുതൽ വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post