കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡയിൽ വിട്ടു. പതിനാല് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും പത്ത് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. മാർച്ച് 10ന് ഷെയ്ഖ് ഷാജഹാനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ഇന്നലെ അർദ്ധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാൻ അറസ്റ്റിലായത്. ഒളിവിലായിരുന്ന ഷാജഹാനെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ മിനാഖാനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഷെയ്ഖ് ഷാജഹാനെ സന്ദേശ്ഖാലി കേസിൽ ഉൾപ്പെടുത്താൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാതിരിക്കാൻ ഒരു കാരണവുമില്ല എന്നും അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ഫെബ്രുവരി 26ന് കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.
ഷാജഹാനും അദ്ദേഹത്തിന്റെ അടുത്ത സഹായികളും ഭൂമി തട്ടിയെടുക്കലിലും ലൈംഗികാതിക്രത്തിലും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ ആഴ്ചകളായി പ്രക്ഷോഭത്തിലാണ്. ഒരു മാസത്തിലേറെയായി സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ അറസ്റ്റിൽ നിന്ന് ഷെയ്ഖ് ഷാജഹാൻ ഒളിച്ചു കഴിയുകയായിരുന്നു. ഇതിനിടെ സംസ്ഥാന ഏജൻസികൾ ഇയാളെ സംരക്ഷിക്കുന്നതിൽ ബിജെപി വലിയ പ്രതിഷേധങ്ങളാണ് നടത്തി വരുന്നത്.
Discussion about this post