കൊളംബോ : ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന ചൈനീസ് റിസർച്ച് കപ്പലുകൾക്ക് പ്രവേശനം നിരോധിച്ച് ശ്രീലങ്ക. എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലേക്ക് വിദേശ കപ്പലുകളുടെ പ്രവേശനം നിരോധിച്ചു കൊണ്ട് ഒരു വർഷത്തെ മോറട്ടോറിയം ആണ് ശ്രീലങ്ക പുറത്തിറക്കിയിരിക്കുന്നത്. റിസർച്ച് കപ്പലുകളുടെ പ്രവേശനം നിരോധിച്ചതിൽ ചൈന ശ്രീലങ്കയോട് കടുത്ത അതൃപ്തി അറിയിച്ചു.
ഗവേഷണ പ്രവർത്തനങ്ങൾക്കായുള്ള കപ്പലായ സിയാങ് യാങ് ഹോങ് 3യുടെ പ്രവേശനത്തിന് ചൈന അനുമതി തേടിയതിനെ തുടർന്നാണ് ശ്രീലങ്ക പ്രവേശനം നിഷേധിച്ചത്. ഇന്ത്യയിൽ നിന്നും അഭിപ്രായം ആരാഞ്ഞ ശേഷമാണ് ശ്രീലങ്ക ചൈനീസ് കപ്പലിന് അനുമതി നിഷേധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ, എല്ലാ വിദേശ ഗവേഷണ കപ്പലുകളും തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിക്കുന്നതിന് ശ്രീലങ്ക ഒരു വർഷത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. ഈ വർഷം ജനുവരി മൂന്ന് മുതലാണ് മൊറട്ടോറിയം നിലവിൽ വന്നത്.
മറ്റൊരു രാജ്യത്തിൻ്റെ സ്വാധീനത്തിൽ ഇത്തരമൊരു തീരുമാനമെടുത്തതിൽ ശ്രീലങ്കയോട് ചൈന അതൃപ്തി അറിയിച്ചു എന്നാണ് ഈ വിഷയത്തെക്കുറിച്ച് ശ്രീലങ്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ കപ്പലുകൾ നടത്തുന്ന ആവർത്തിച്ചുള്ള സന്ദർശനങ്ങളിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണ് ശ്രീലങ്ക ഇത്തരത്തിൽ ഒരു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post