എറണാകുളം: പുത്തൻവേലിക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ വൈദികന് ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. പള്ളി വികാരി ആയിരുന്ന എഡ്വിൻ ഫിഗറസിന്റെ ശിക്ഷയിലാണ് ഇളവ് വരുത്തിയത്. മരണംവരെയുള്ള തടവ് ശിക്ഷയായിരുന്നു നേരത്തെ ഇയാൾക്ക് വിചാരണ കോടതി വിധിച്ചിരുന്നത്. ഇത് 20 വർശഷക്കാലമായി കുറച്ചു.
എറണാകുളം പോക്‌സോ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. ഇതേ തുടർന്ന് ജയിലിൽ കഴിയുകയായിരുന്നു. എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഹെെക്കോടതിയെ സമീപിച്ചു. ഇതിലാണ് അനുകൂല വിധി. എന്നാൽ കാലാവധി പൂർത്തിയാക്കാതെ ശിക്ഷയിൽ ഇളവ് നൽകരുതെന്ന വ്യവസ്ഥ ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവിലുണ്ട്.
പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് എഡ്വിനെ അറസ്റ്റ് ചെയ്തത്. 2014 ൽ ആയിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതിയാണ് എഡ്വിൻ. കേസിലെ രണ്ടാം പ്രതിയും എഡ്വിൻ ഫിഗറസിന്റെ സഹോദരനുമായ സിൽവർസ്റ്റർ ഫിഗറസിന്റെ ശിക്ഷ കോടതി റദ്ദാക്കി. സഹോദരനെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഒരു വർഷത്തെ തടവുശിക്ഷയായിരുന്നു സിൽവർസ്റ്റർ ഫിഗറസിന് പോക്‌സോ കോടതി വിധിച്ചിരുന്നത്.
Discussion about this post