ശിവരാത്രി ദിവസത്തെ വ്രതത്തിൻറെയും പൂജയുടെയും മഹിമ കാണിക്കുന്നതിനായി ഒരു കഥ പുരാണങ്ങളിൽ പറയുന്നുണ്ട്. ഒരിക്കൽ ഒരു വേട്ടക്കാരൻ വിശന്ന് വലഞ്ഞ് കാട്ടിലേക്ക് വേട്ടയാടാനായി പുറപ്പെട്ടതായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും അയാൾക്ക് ഒരു മൃഗത്തെയും വേട്ടയാടിപ്പിടിക്കാൻ കഴിഞ്ഞില്ല.
വിശന്ന് വലഞ്ഞ അയാൾ കാട്ടിലൂടെ അലഞ്ഞ് നടക്കവെ അയാളെ ഒരു കടുവ ആക്രമിക്കാനോടിച്ചു. കടുവയും അനേകനാളുകളായി ഇരകിട്ടാതെ വിശന്നിരിക്കുകയായിരുന്നു. കടുവയിൽ നിന്ന് രക്ഷനേടാൻ വേട്ടക്കാരൻ ഒരു മരത്തിൻറെ മുകളിൽ കയറിപ്പറ്റി. അത് ഒരു കൂവള മരമായിരുന്നു.
വിശന്ന് വലഞ്ഞിരിക്കുന്ന തനിക്ക് കിട്ടിയ ഇരയെ നഷ്ടപ്പെടുത്താൻ ആകാതെ അയാൾ ഇറങ്ങുന്നതോ ഉറങ്ങി വീഴുന്നതോ പ്രതീക്ഷിച്ച് കടുവ താഴെ ഉണർന്നിരുന്നു. അന്ന് ഒരു മഹാശിവരാത്രി ദിവസമായിരുന്നു. രാത്രിമുഴുവൻ കടുവയെ പേടിച്ച് മരത്തിന് മുകളിൽ കയറിയിരുന്ന അയാൾ, താൻ ഉറങ്ങി താഴെ വീണു പോകാതിരിക്കാനായി മരത്തിൽ നിന്ന് കൂവളത്തിലകൾ പറിച്ച് താഴോട്ടു ഇട്ടുകൊണ്ടിരിന്നു.
മരത്തിന് താഴെ ശിവലിംഗാകൃതിയിലുള്ള ഒരു കല്ലിലേക്കായിരുന്നു ആ ഇലകൾ വീണുകൊണ്ടിരുന്നത്. രാത്രി അവസാനിച്ചപ്പോൾ മഹാദേവൻ അവിടെ പ്രത്യക്ഷപ്പെട്ടെന്നും കടുവയ്ക്കും വേട്ടക്കാരനും മോക്ഷം നൽകിയെന്നുമാണ് കഥ. സ്വയമറിയാതെ തന്നെ വില്വപത്രം കൊണ്ട് ശിവപൂജചെയ്ത വേട്ടക്കാരനും അവിടെ ശ്രദ്ധയോടെ കാവലിരുന്ന കടുവയ്ക്കും അദ്ധ്യാത്മിക ശ്രേയസുണ്ടായെന്നാണ് ചുരുക്കം.
ചാന്ദ്രമാസത്തിലെ പതിനാലാമത്തെ ദിവസമാണ് അമാവാസി. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിവസമാണ് മഹാശിവരാത്രി. കുണ്ഡലിനി ശക്തിയും പ്രാപഞ്ചിക ശക്തികളും സാധകൻറെ ശ്രേയസ്സിന് അനുകൂലമായി ചലിക്കുന്ന ദിവസമാണിതെന്ന് ആചാര്യൻമാർ പറയുന്നു. നിഷ്ഠയോടു കൂടി വ്രതമെടുത്ത് രാത്രി മുഴുവൻ ഉണർന്നിരുന്ന് സാധന ചെയ്താൽ നാല് ജൻമങ്ങളിലെ പ്രരാബ്ധപാപങ്ങൾ മാറി ആദ്ധ്യാത്മിക ശ്രേയസ് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
Discussion about this post