വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. സിൻജോ ആണ് അറസ്റ്റിലായത്. ഇതിന് പുറമേ രണ്ട് പേർ പോലീസിന് മുൻപിൽ കീഴടങ്ങി.
കേസിലെ മുഖ്യപ്രതിയാണ് സിൻജോ. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിക്കാനും ആൾക്കൂട്ട വിചാരണ ചെയ്യാനും നേതൃത്വം നൽകിയതും ഗൂഢാലോചന നടത്തിയതും സിൻജോ ആണ്. കേസിൽ പോലീസ് നടപടി ആരംഭിച്ചതിന് പിന്നാലെ സിൻജോ ഒളിവിൽ പോകുകയായിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലും സിൻജോയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ സിൻജോ ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിൻജോ അറസ്റ്റിലായത്.
കരുനാഗപ്പള്ളിൽ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടുത്തെ ബന്ധു വീട്ടിൽ ഒളിവിൽ പോകുകയായിരുന്നു. സിദ്ധാർത്ഥിനെ ഏറ്റവും കൂടുതൽ മർദ്ദിച്ചത് സിൻജോ ആണെന്നാണ് പോലീസ് പറയുന്നത്.
സിൻജോയ്ക്ക് പുറമേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കാശിനാഥനും മറ്റൊരാളുമാണ് പോലീസിന് മുൻപാകെ കീഴടങ്ങിയത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ടവരാണ് ഇവർ.
സംഭവത്തിൽ ഇതുവരെ 12 പേരാണ് അറസ്റ്റിലായിട്ടുള്ളത്. 18 പേരാണ് കേസിലെ പ്രതികൾ. ബാക്കിയുള്ളവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post