വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി കുടുംബം. സിദ്ധാർത്ഥിനെ പീഡനത്തിന് ഇരയാക്കിയതിന് പിന്നിൽ സംവരണ വിരുദ്ധതയുമെന്ന് കുടുംബം ആരോപിച്ചു.
ഒബിസി സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ സിദ്ധാർത്ഥിനെ ഇക്കാര്യം പറഞ്ഞ് സഹപാഠികളും സീനിയർ വിദ്യാർഥികളും നിരന്തരം കളിയാക്കിയിരുന്നു. ആദ്യം കളിയായാണ് ഈ കളിയാക്കലിനെ കണ്ടത്. ഇന്നാൽ സിദ്ധാർഥ് നേരിട്ട പീഡനം നോക്കുമ്പോൾ ഈ സംവരണ വിരുദ്ധ വികാരവും അക്രമികളെ പ്രചോദിപ്പിച്ചിട്ടുണ്ടാകാമെന്നും സിദ്ധാർത്ഥിൻറെ ചില സുഹൃത്തുക്കളും ഇക്കാര്യം അറിയിച്ചതായും പിതാവ് വെളിപ്പെടുത്തി.
അതേസമയം സിദ്ധാർത്ഥന്റെ മരണത്തിൽ 18 പ്രതികളും പിടിയിലായി. ഇതോടെ കേസിന്റെ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതികളെ ക്യാമ്പസിൽ എത്തിച്ചുള്ള തെളിവെടുപ്പ് വൈകാതെ പൂർത്തിയാക്കും.കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഒറ്റയ്ക്ക് ഇരുത്തിയും ഒരുമിച്ച് ഇരുത്തിയുമാണ് ചോദ്യം ചെയ്യൽ.
മർദനം, തടഞ്ഞുവയ്ക്കൽ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ. ക്രിമിനൽ ഗൂഢാലോചനാ കുറ്റം കൂടി ചുമത്താൻ സാധ്യതയുണ്ട്.












