റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ പോലീസുകാരൻ വീരമൃതുവരിച്ചു. കൻകർ ജില്ലയിലെ ഹിദൂർ ഗ്രാമത്തിലായിരുന്നു സംഭവം.
ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഗ്രാമത്തിലെ വനാതിർത്തിയോട് ചേർന്നുള്ള മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയതായിരുന്നു സുരക്ഷാ സേന. തുടർന്ന് പരിശോധന ആരംഭിച്ചു. ഇതിനിടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ പോലീസുകാരന് സാരമായി പരിക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അദ്ദേഹത്തിന് ജീവൻ നഷ്ടമാകുകയായിരുന്നു. പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘമാണ് പരിശോധനയ്ക്കായി എത്തിയിരുന്നത്.
ബസ്തർ ഫൈറ്റേഴ്‌സിലെ കോൺസ്റ്റബിൾ രമേഷ് കുറേത്തിയ്ക്കാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
അതേസമയം കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരനെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇയാളുടെ മൃതദേഹത്തിന് അടുത്ത് നിന്നും എ.കെ 47 തോക്കും മറ്റ് രേഖകളും കണ്ടെടുത്തു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്.
Discussion about this post