ന്യൂഡൽഹി; ഉത്തരേന്ത്യയിലെ അവസാന പിടിവള്ളിയും കോൺഗ്രസിന് നഷ്ടമാകാൻ പോകുന്നതായി റിപ്പോർട്ടുകൾ. ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഒമ്പത് കോൺഗ്രസ് എംഎൽഎമാർ കൂടി അസംതൃപ്തരാണ്. അവരുമായി സമ്പർക്കം പുലർത്തി വരുന്നതായും അയോഗ്യനാക്കപ്പെട്ട വിമത എംഎൽഎ രജീന്ദർ റാണ പറഞ്ഞു. മുഖ്യമന്ത്രി സുഖ് വീന്ദർ സുഖുവിന്റെ ഇടപെടലുകളിൽ മനംമടുത്തവരാണ് ഒമ്പതുപേരെന്നും റാണ വ്യക്തമാക്കി.
മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖുവിന് ഇടുങ്ങിയ മനസ്സാണ്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്ത കോൺഗ്രസ് എംഎൽഎമാരുടെ അനുയായികളെ പോലീസ് വേട്ടയാടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സമ്മർദ്ദത്തിന് വഴങ്ങിയാണ് തങ്ങൾക്കെതിരെ സ്പീക്കർ കുൽദീപ് സിങ് പതാനിയ നടപടിയെടുത്തത്. ഏകപക്ഷീയമായി അയോഗ്യരാക്കാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു. സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും രജീന്ദർ റാണ പറഞ്ഞു. കൂറുമാറി ബിജെപിക്ക് വോട്ടു ചെയ്തതിന് കോൺഗ്രസ് എംഎൽഎമാരായ സുധീർ ശർമ, രജീന്ദർ റാണ, ദേവീന്ദർ കെ ഭൂട്ടോ, രവി താക്കൂർ, ചൈതന്യ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ എന്നിവരെയാണ് അയോഗ്യരാക്കിയത്.
Discussion about this post