വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കുടുംബത്തോട് മാപ്പ് പറഞ്ഞ് എസ്എഫ്‌ഐ. കുടുംബത്തിന് മുൻപിൽ തല കുനിയ്ക്കുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ അഫ്‌സൽ പറഞ്ഞു. സംഭവത്തിൽ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മാപ്പ് പറച്ചിൽ.
സ്വകാര്യ ചാനലിലെ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു സിദ്ധാർത്ഥിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് എസ്എഫ്‌ഐ നേതാവ് രംഗത്ത് എത്തിയത്. വിദ്യാർത്ഥിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണെന്ന് അഫ്‌സൽ പറഞ്ഞു. സിദ്ധാർത്ഥിന്റെ കുടുംബത്തിന് മുൻപിൽ തല കുനിച്ച് നിൽക്കുന്നു. ഞങ്ങളിൽപ്പെട്ടവർ ചെയ്യാൻ പാടാത്ത കാര്യങ്ങളാണ് ചെയ്തത്. അത് എസ്എഫ്‌ഐ എന്ന സംഘടനയുടെ പോരായ്മയാണ്.
പ്രവർത്തകരെ എസ്എഫ്‌ഐ ആഗ്രഹിക്കുന്ന രീതിയിൽ നയിക്കാൻ കഴിയാത്തത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എസ്എഫ്‌ഐയ്ക്ക് ഇത്തരം കാര്യങ്ങൾ വച്ച് പൊറുപ്പിക്കാൻ കഴിയില്ല. തങ്ങൾ തലകുനിയ്ക്കുന്നുവെന്നും അഫ്‌സൽ കൂട്ടിച്ചേർത്തു.
Discussion about this post