അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അംഗബലം ചോർന്ന് കോൺഗ്രസ്. ഗുജറാത്തിൽ മുതിർന്ന നേതാവും എംഎൽഎയുമായ അർജുൻ മോദ് വാദിയ കോൺഗ്രസ് വിട്ടു. 40 വർഷക്കാലമായി കോൺഗ്രസുമായി ഉണ്ടായിരുന്ന ബന്ധമാണ് പോർബന്ദറിൽ നിന്നുള്ള എംഎൽഎ ആയ അർജുൻ മോദ് അവസാനിപ്പിച്ചത്.
വൈകീട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം അദ്ദേഹം രാജിവച്ചിട്ടുണ്ട്. അടുത്ത ദിവസം ഗുജറാത്ത് എംഎൽഎയെ കണ്ട് രാജി സമർപ്പിക്കും. അർജുൻ രാജിവച്ചതായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സ്ഥിരീകരിച്ചിട്ടുണ്ട്. നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്നാണ് അദ്ദേഹം പാർട്ടിവിട്ടത്.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിനെതിരെ അർജുൻ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വവുമായി അസ്വാരസ്യങ്ങൾ ഉണ്ടായത് എന്നാണ് സൂചന. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാതെ ജനങ്ങളുടെ വികാരത്തൈ വ്രണപ്പെടുത്തിയെന്ന് ആയിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്.
പ്രാണപ്രതിഷ്ഠയിൽ നിന്നും വിട്ട് നിന്ന കോൺഗ്രസിന്റെ നിലപാട് ശരിയായില്ലെന്ന് രാജിക്കത്തിലും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടി ശ്രീരാമ ഭഗവാനെ അവഹേളിച്ചുവെന്ന് അർജുൻ രാജിക്കത്തിൽ പറയുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് അലങ്കോലപ്പെടുത്താൻ അസമിൽ രാഹുൽ ഗാന്ധി പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. പാർട്ടിയിൽ തുടരുമ്പോൾ നാടിനോ നാട്ടുകാർക്കോ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ രാജി വയ്ക്കുന്നുവെന്നും അദ്ദേഹം കത്തിൽ കുറിച്ചു.
Discussion about this post