കോട്ടയം: പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ വിജയം ഉറപ്പാക്കുകയാണ് കേരളത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യമെന്ന് ബിജെപി നേതാവ് പിസി ജോർജ്. വൈകീട്ട് അനിൽ ആന്റണി വസതിയിലെത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ മുഴുവൻ പ്രവർത്തകരും വളരെ ആത്മാർത്ഥമായി മുന്നിലുണ്ടാകുമെന്നും ജോർജ് പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ അനിൽ ആന്റണിയെന്ന് പറഞ്ഞാൽ എ.കെ.ആന്റണിയുടെ മകനാണ്. അതു വലിയ അംഗീകാരമാണ്. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയായി നിശ്ചയിച്ചത് പാർട്ടി തീരുമാനമാണ്. ഞാൻ സ്ഥാനാർഥിയാകുമെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചില വട്ടന്മാർ ഇങ്ങനെ പറഞ്ഞോണ്ട് നടന്നാൽ ഉത്തരം പറയാൻ നേരമില്ല. യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത പോരാട്ടമാണ്. നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന് പിസി ജോർജ് പറഞ്ഞു.
പി.സി.ജോർജിനെയും കുടുംബത്തെയും ചെറുപ്പം മുതൽ അറിയാം. അദ്ദേഹം തന്റെ അകന്ന ബന്ധുവാണെന്ന് അനിൽ ആന്റണി പറഞ്ഞു. ഷോൺ ജോർജ് തന്റെ മൂത്ത സഹോദരനെ പോലെയാണ്. ജോർജിന്റെ ബിജെപി പ്രവേശനം പാർട്ടിക്ക് ഒരുപാട് ശക്തി പകരുന്നതാണ്. അദ്ദേഹത്തിന്റെ ഉൾപ്പെടെയുള്ള പ്രവർത്തനത്തിലൂടെയാകും കേരളത്തിൽ ബിജെപി നമ്പർ വൺ പാർട്ടിയാകുന്നതെന്ന് അനിൽ ആന്റണി കൂട്ടിച്ചേർത്തു.
Discussion about this post