പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കമണി’ . ‘ദിലീപ് നായകനാകുന്ന ചിത്രം മാർച്ച് ഏഴിന് തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ദിലീപിന്റെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുമുണ്ട്. 38 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു യഥാർത്ഥ സംഭവം തന്നെയാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്.
എൺപതുകളുടെ മദ്ധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പോലീസ് നരനായാട്ടിനെക്കുറിച്ചാണ് സിനിമ പറയുന്നത് . 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങളാണ് സിനിമ സംസാരിക്കുന്നത്. ‘പെണ്ണിന്റെ പേരല്ല തങ്കമണി, എന്ന ശീർഷക ഗാനവുമായെത്തുന്ന സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ ഇതിനകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലുൾപ്പെടെ സിനിമാഗ്രൂപ്പുകളിലടക്കം ‘തങ്കമണി’യെ കുറിച്ച് വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
38 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു യഥാർത്ഥ സംഭവവും ഒപ്പം അൽപ്പം ഫിക്ഷനും ചേർത്താണ് സിനിമ എത്തുന്നത്. പോലീസ് നരനായാട്ട് എങ്ങനെയാണ് ഒരു നാടിനെ മുഴുവൻ ബാധിച്ചതെന്നും അതിന് പിന്നാലെ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളെന്തൊക്കെ ആയിരുന്നെന്നുമാണ് സിനിമയുടെ പ്രമേയം എന്നാണ് സൂചന. കട്ടപ്പന പട്ടണത്തിൽ നിന്നും തങ്കമണിയിലേക്ക് സഞ്ചരിക്കാൻ ചുരുക്കം ബസുകൾ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. തങ്കമണിയിലേക്കുള്ള റോഡും ഏറെ മോശമായിരുന്നു. ഇവിടേക്ക് സർവ്വീസ് നടത്തിയിരുന്ന ‘എലൈറ്റ്’ ബസ് തങ്കമണിയിലേക്ക് എത്താതെ തങ്കമണിക്ക് തൊട്ടടുത്തുള്ള പാറമടയിൽ സർവ്വീസ് അവസാനിപ്പിക്കുന്നത് പതിവായി. ഇതിനെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തു. വിദ്യാർത്ഥികളെ ബസ് ജീവനക്കാർ മർദ്ദിച്ചു. ഇതാണ് നിഷ്ഠൂരമായ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ച സംഭവങ്ങൾക്ക് തുടക്കമായത്.
ഇടുക്കി തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായെത്തുന്ന ചിത്രം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് . ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിൻറെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
Discussion about this post