കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും. കൊൽക്കത്തയിലാണ് ആദ്യ മെട്രോ തുരങ്കം . ഹൂഗ്ലി നദിയുടെ അടിത്തട്ടിലൂടെയാണ് ടണൽ നിർമ്മിച്ചിരിക്കുന്നത്. ഹൗറയ്ക്കും കൊൽക്കത്തയ്ക്കും ഇടയിലാണ് മെട്രോ സർവീസ് നടത്തുക. ഉപരിതലത്തിൽ നിന്നും 33 മീറ്റർ ആഴത്തിൽ 520 മീറ്ററാണ് ടണലിന്റെ നീളം .
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നിർണായക നാഴികക്കല്ലാണിത്. തിരക്കുള്ള രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് അണ്ടർവാട്ടർ മെട്രോ സർവീസ് വരുന്നത്. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
അണ്ടർ വാട്ടർ മെട്രോക്ക് പുറമേ കവി സുഭാഷ് – ഹേമന്ത മുഖോപാധ്യായ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ ഒന്നിലധികം കണക്റ്റിവിറ്റി പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെ ജനങ്ങൾക്ക് നൽകുന്ന സമ്മാനമാണ് അണ്ടർ വാട്ടർ മെട്രോ എന്ന് കൊൽക്കത്ത മെട്രോ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ കൗസിക് മിത്ര പറഞ്ഞു. ഏറെക്കാലത്തെ സ്വപ്നമാണ് ഉദ്ഘാടനത്തോടെ സാക്ഷാത്കരിക്കാൻ പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post