മുംബൈ: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ സർക്കാരിന് ചാന്ദ്രയാൻ വിക്ഷേപിക്കാൻ സാധിച്ചു. എന്നാൽ സോണിയ ഗാന്ധി രാഹുൽ യാൻ വിക്ഷപിക്കാനാണ് ശ്രമിക്കുന്നത് എന്ന് അമിത് ഷാ പരിഹസിച്ചു. സോണിയ ഗാന്ധിയുടെ ‘രാഹുൽ യാൻ’ വിക്ഷേപണം 19 തവണ പരാജയപ്പെട്ടു. 20-ാം ദൗത്യത്തിലേക്കുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവിൽ നടന്ന യുവ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ നേതാക്കൾ തങ്ങളുടെ മക്കളും പെൺമക്കളും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് സോണിയ ആഗ്രഹിക്കുന്നു. അതുപോലെ, തന്റെ മകനെ മുഖ്യമന്ത്രിയാക്കാനുള്ള പദ്ധതിയിലാണ് ഉദ്ധവ്. ശരത് പവാറിനും തന്റെ മകൾ മുഖ്യമന്ത്രിയാകണം എന്നതാണ് ആലോചന. ഉദയനിധിയെ മുഖ്യമന്ത്രിയാക്കാനുള്ള ചിന്തയിലാണ് എംകെ സ്റ്റാലിൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനല്ല കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നല്ലൊരു നാളെക്കായി , വികസിത ഭാരതം കെട്ടിപ്പെടുക്കുന്നതിനും വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണം. യുവാക്കളുടെ നല്ലൊരു ഭാവിക്ക് വേണ്ടിയും വോട്ട് ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെത്തിയ അമിത് ഷാ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു.
Discussion about this post