തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കേന്ദ്രത്തിൽ 50പേരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന നിർദ്ദേശം പിൻവലിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. നിയന്ത്രണങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ വ്യാപക പ്രതിഷേധം ഉയർത്തിയതോടെയാണ് പുതിയ നിർദേശം ഗതാഗതമന്ത്രി പിൻവലിച്ചത്.
സാധാരണ 100 മുതൽ 180 പേർക്കാണ് ദിവസം ടെസ്റ്റ് നടത്തിയിരുന്നത്. ഇത് 50 ആയി ചുരുക്കാനായിരുന്നു തീരുമാനം. ഇതേ തുടർന്നാണ് വ്യാപക പ്രതിഷേധം ഉയർന്നത്. എണ്ണം പരിമിതിപ്പെടുത്തിയാൽ പൂർണമായി പരിഷ്‌കരിക്കും എന്നാണ് ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്‌ക്രടേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്.
ടെസ്റ്റിൽ നിന്ന് ആരെ ഒഴിവാക്കും, ഇങ്ങനെ ഒഴിവാക്കുന്നതിന്റെ മാനദണ്ഡം എന്ത് , ഒഴിവാക്കുന്നവർക്ക് പുതിയ തിയതി എങ്ങനെ എപ്പോൾ നൽകുമെന്നെല്ലാം എംവിഡി ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. എന്നാൽ ഇതിന് കൃത്യമായ മറുപടി ഗതാഗതനമന്ത്രിയ്ക്ക് ഇല്ലായിരുന്നു . ഇന്നലെ ചേർന്ന ആർടിഒമാരുടെ യോഗത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രി നിർദേശിച്ചത് .
ഇപ്പോഴത്തെ ഡ്രൈവിംഗ് ടെസ്റ്റിന് നിരവധി മാറ്റങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനുള്ള ഡാഷ്ബോർഡ് ക്യാമറ ഘടിപ്പിക്കണം , ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കൈ കൊണ്ട് ഗിയറ് പ്രവർത്തിപ്പിക്കുന്ന വാഹനത്തിന് പകരം കാലിൽ ഗിയറുള്ള വാഹനം നിർബന്ധമാക്കി. കാർ ലൈസൻസ് എടുക്കാൻ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനം, ഇലക്ട്രിക് വാഹനം ഉപയോഗിക്കാൻ പാടില്ല എന്നിങ്ങനെയാണ് പുതിയ മാറ്റങ്ങൾ .
Discussion about this post