ദക്ഷിണേന്ത്യൻ സിനിമയിൽ നിന്ന് കരിയർ ആരംഭിച്ച് ഇപ്പോൾ ബോളിവുഡിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ് നടി രശ്മിക മന്ദാന. അവസാനം നായികയായി എത്തിയ അനിമൽ എന്ന രൺബീർ ചിത്രം വലിയ വിജയം നേടിയതോടെ രശ്മിക വലിയ താര പദവിയിലേക്കാണ് ഉയർന്നത്. ഇതോടെ നാഷ്ണൽ ക്രഷ് എന്ന വിശേഷണവും നടിയ്ക്ക് ലഭിച്ചു. 2022ൽ ഗുഡ് ബൈ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിലെത്തുന്നത്. മിഷൻ മജ്‌നു ആണ് രശ്മിക വേഷമിട്ട മറ്റൊരു ബോളിവുഡ് ചിത്രം.
വെറും 27 വയസുള്ള രശ്മിക 2016 ൽ കിർക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. കന്നടയിൽ ആരംഭിച്ചെങ്കിലും മലയാളം ഒഴികെ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും രശ്മിക തൻറെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അനിമൽ സിനിമയുടെ വിജയത്തിന് പുറമേ രശ്മിക തന്റെ പ്രതിഫലം ഉയർത്തിയതായി വാർത്ത വന്നിരുന്നു. എന്നാൽ ഈ വാർത്തയെ നടി തന്നെ പിന്നീട് തള്ളിക്കളഞ്ഞു. ഇപ്പോഴിതാ രശ്മികയുടെ പ്രതിഫലവും സ്വത്ത് വിവരങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത്. രശ്മികയുടെ പ്രതിഫലം 3 കോടിയോളം ആണെന്നാണ് വിവിധ സിനിമ ട്രേഡ് സൈറ്റുകൾ പറയുന്നത്.
എന്തായാലും 3 കോടിക്ക് മുകളിൽ ഒരു ചിത്രത്തിന് രശ്മിക പ്രതിഫലം വാങ്ങുന്നുണ്ട്. അതിന് പുറമേ വിവിധ പരസ്യങ്ങളിലൂടെ 10 മുതൽ 20 കോടിവരെ മാസ വരുമാനം നടിക്ക് ഉണ്ടെന്നാണ് ക്യൂജി റിപ്പോർട്ട് ചെയ്യുന്നത്. ബംഗളൂർ, ഗുരുഗ്രാം, ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ രശ്മികയ്ക്ക് വസതിയുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്. പ്രത്യേകിച്ച് ബംഗളൂരിലെ രശ്മികയുടെ സ്വകാര്യ വസതിക്ക് മാത്രം 45 മുതൽ 50 കോടി വരെ മൂല്യം വരും. ഇങ്ങനെ കണക്കാക്കിയാൽ രശ്മികയുടെ മൊത്തം ആസ്തി മൂല്യം ഏകദേശം 100 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്.
ഇതു മാത്രമല്ല ആഡംബര കാറുകളോട് പ്രിയമുള്ള രശ്മികയ്ക്ക് വിവിധ തരത്തിലുള്ള കാറുകളുണ്ട്. ടൊയോട്ട ഇന്നോവ, ഔഡി ക്യൂ3, മെഴ്സിഡസ് ബെൻസ് സി-ക്ലാസ്, റേഞ്ച് റോവർ സ്പോർട്ട്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ കാറുകൾ രശ്മികയുടെ ഗാരേജി ലുണ്ട്. അത്യാധുനിക ഫീച്ചറുകളുള്ള ജർമ്മൻ എസ്യുവിയായ ഓഡി ക്യു 3 പട്ടികയിലുണ്ട് . കൂടാതെ. രശ്മിക തൻറെ സിനിമ പരസ്യ വരുമാനത്തിൻറെ ഒരു പ്രധാന ഭാഗം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുകയും അതുവഴി സമ്പാദ്യം ഉണ്ടാക്കുകയും ചെയ്യുന്നു
രൺബീർ കപൂറിനൊപ്പമുള്ള ആനിമലാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.അല്ലു അർജ്ജുനൊപ്പം ചെയ്ത പുഷ്പ 2 ആണ് രശ്മികയുടെ അടുത്ത റിലീസ്. റെയിൻബോ, ദ ഗേൾഫ്രണ്ട്, ചാവാ തുടങ്ങിയ സിനിമകളുമായി തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം തിരക്കിലാണ് നടി.
Discussion about this post