തിരുവനന്തപുരം; അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണമെന്ന് വിദ്യാർഥികളോട് നടി നവ്യ പറഞ്ഞു. സിനിമകളിലെ കൊലപാതക രംഗങ്ങൾ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമ ഡയലോഗുകൾക്ക് ഇന്ന് വലിയ കയ്യടിയാണു ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട കാലമാണെന്നും നല്ല മനുഷ്യരായി ജീവിക്കണമെന്നും നവ്യ വിദ്യാർഥികളോട് പറഞ്ഞു. യുവജനോത്സവം ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നവ്യ.
പലസ്തീന്റെ കാര്യം നമ്മളിവിടെ ചർച്ചചെയ്യുന്ന പോലെ കേരളത്തിലെ കലാലയങ്ങളുടെ കാര്യവും കലോത്സവവേദികൾ സംസാരിക്കാമെന്ന് നവ്യ പറഞ്ഞു.വിദ്യാർഥികൾ ഏതെങ്കിലും ആൾക്കാരുടെ കളിപ്പാവകളാകരുത്. യുക്തിയോടെ കാര്യങ്ങളെ നോക്കുന്ന തലമുറയുണ്ടാകണമെന്നും കലോത്സവങ്ങൾ സമൂഹത്തിന് വലിയ പ്രതീക്ഷയാണെന്നും നവ്യ പറഞ്ഞു.
നേരത്തെ പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ നടി പ്രതികരിച്ചിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് മാതാപിതാക്കൾ മക്കളെ പഠിക്കാൻ അയയ്ക്കുന്നത്. കരുണയില്ലാത്ത ഈ റാഗിങ് അവസാനിപ്പിക്കൂവെന്ന് നവ്യ പറഞ്ഞു. ഒരു അമ്മ എന്ന നിലയിൽ താൻ ആ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും നടി പറഞ്ഞിരുന്നു.
Discussion about this post