ന്യൂഡൽഹി: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി എഴുത്തുകാരിയും ഇൻഫോസിസ് സ്ഥാപകന്റെ ഭാര്യയുമായ സുധാ മൂർത്തി. ഈ വനിതാ ദിനത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് സുധാ മൂർത്തി പറഞ്ഞു. എക്‌സിലൂടെയായിരുന്നു സുധാ മൂർത്തിയുടെ പ്രതികരണം.
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ സുധാ മൂർത്തിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു സുധാ മൂർത്തി. ഈ വനിതാ ദിനത്തിൽ തനിക്ക് ലഭിക്കാവുന്ന ഏറ്റവും വിലയ സമ്മാനം ആണ് ഇത്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനായുള്ള പുതിയ ചുമതലയാണ് ഇതെന്നും സുധാ മൂർത്തി പറഞ്ഞു. അഭിനന്ദിച്ചതിൽ പ്രധാനമന്ത്രിയ്ക്ക് സുധാ മൂർത്തി നന്ദി പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമു സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത വിവരം പ്രധാനമന്ത്രിയാണ് എക്‌സിലൂടെയാണ് അറിയിച്ചത്. സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഇതോടൊപ്പം അദ്ദേഹം കുറിച്ചു. പൊതുജന സേവനം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ വലിയ സംഭാവനകളാണ് സുധാ മൂർത്തി നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post