കോട്ടയം: പാലായിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് ഈങ്കാപ്പുഴ സ്വദേശി ജോജി.കെ. തോമസ് ആണ് അറസ്റ്റിലായത്. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
പുലിയന്നൂർ ഭാഗത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. തർക്കത്തിനിടെ ജോജി ഭാര്യയുടെ തലയിൽ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.
പ്രദേശവാസികൾ ചേർന്നാണ് ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോലീസിനെ വിവരം അറിയിച്ചതും പ്രദേശവാസികളാണ്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ ഏറ്റുമാനൂർ റെയിൽ വേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു.
പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.












