ഇറ്റാനഗർ:ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം സേല ടണൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 10,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. വികസിത ഭാരതം വികസിത നോർത്ത് ഈസ്റ്റ്’ പരിപാടിയിലാണ് പ്രധാനമന്ത്രി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്.
13,000 അടി ഉയരത്തിലാണ് സെല ടണൽ സ്ഥിതി ചെയ്യുന്നത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 825 കോടി രൂപ ചിലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . പദ്ധതിയിൽ രണ്ട് തുരങ്കങ്ങൾ ഉൾപ്പെടുന്നു. ടണൽ 1 ന് 1,003 മീറ്റർ നീളവും ടണൽ 2 1,595 മീറ്ററുമാണ് നീളം. പ്രതിദിനം 3,000 കാറുകളും 2,000 ട്രക്കുകളും തുരങ്കത്തിലൂടെ കടന്ന് പോകും. ചൈനയുമായി അതിർത്തി പങ്കിടുന്ന തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകാൻ ഇതിലൂടെ സാധിക്കും. തവാങ്ങിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറെങ്കിലും കുറയ്ക്കുകയും ചെയ്യും.
മഴയെത്തുടർന്നുണ്ടായ മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും കാരണം ബലിപാറ-ചാരിദ്വാർ-തവാങ് റോഡ് വർഷത്തിൽ ഏറെക്കാലം അടച്ചിടുകയാണ് സാധാരണ ചെയ്യുക. സുരക്ഷയൊരുക്കുന്ന സൈന്യത്തിനും ഇത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. വർഷത്തിൽ മൂന്ന് മാസത്തോളം അനുഭവിച്ചിരുന്ന പ്രതിസന്ധിക്കാണ് തുരങ്കത്തിലൂടെ തിരശീല വീഴുന്നത്. സേല ടണൽ ‘ പദ്ധതി രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പ് വർദ്ധിപ്പിക്കുക മാത്രമല്ല, മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് നിറം പകരുമെന്നാണ് റിപ്പോർട്ടുകൾ.
2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. എന്നിരുന്നാലും, കൊവിഡ് -19 ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ നിർമ്മാണ വൈകി. ഇപ്പോൾ, പദ്ധതിയുടെ പൂർത്തീകരണം കഴിഞ്ഞതോടെ ചൈനയ്ക്കെതിരെ പ്രതിരോധം കടുപ്പിക്കാൻ സൈന്യത്തിന് മുതൽക്കൂട്ടായിരിക്കും.
Discussion about this post