ഷിംല: ഹിമാചൽപ്രദേശിൽ അടിത്തറയിളകുമോയെന്ന ഭയത്തിൽ സുഖ്വീന്ദർ സിംഗ് സുഖു സർക്കാർ. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ എംഎൽഎമാർ എത്തിയതോടെയാണ് സർക്കാരിന്റെ ഭാവി തുലാസിൽ ആയത്. ഇവർ ബിജെപിയിൽ ചേരുമെന്നാണ് സൂചന.
ആറ് കോൺഗ്രസ് എംഎൽഎമാർ ഉൾപ്പെടെ 11 പേരാണ് ഉത്തരാഖണ്ഡിൽ എത്തിയത്. രാവിലെ സംസ്ഥാനത്ത് എത്തിയ ഇവർ നിലവിൽ ഋഷികേശിലെ താജ് ഹോട്ടലിലാണ്. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടിയാണ് ഇവർ ഹോട്ടലിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. വിമത കോൺഗ്രസ് എംഎൽഎമാരാണ് ഉത്തരാഖണ്ഡിൽ എത്തിയത്. നാല് പേർ സ്വതന്ത്ര എംഎൽഎമാരാണ്.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം സുഖ്‌വീന്ദർ സിംഗ് സുഖുവിനെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 11 എംഎൽഎമാർ ഉത്തരാഖണ്ഡിൽ എത്തിയത്. ഇതിനിടെ വിതമ എംഎൽഎമാരെ അനുനയപ്പെടുത്താനായി മന്ത്രി വിക്രമാതിദ്യ സിൻഹയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു. എന്നാൽ പരാജയപ്പെടുകയായിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് വിമതരും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ ഒൻപത് എംഎൽഎമാർ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്.
Discussion about this post