ഓരോതവണയും മനുഷ്യ കുലത്തെ ഞെട്ടിച്ചു കൊണ്ടാണ് പുരാവസ്തുക്കൾ മാദ്ധ്യമ ശ്രദ്ധ നേടുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ചയും പുരാവസ്തു ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒന്ന് വെളിച്ചത്തു വന്നു. പനാമയിലെ പുരാവസ്തു ഗവേഷകരെ അത്ഭുതപ്പെടുത്തിയത് ഒരു ശവകുടീരമാണ്. 1,200 വർഷത്തെ പഴക്കമാണ് ശവകൂടീരത്തിന് ഉണ്ടായിരുന്നത്. എന്നാൽ കാലപ്പഴക്കമല്ല പുരാവസ്തു ഗവേഷകരെ ഞെട്ടിച്ചത്. മറിച്ച്, ആ ശവകുടീരത്തിൽ കണ്ടെത്തിയ സ്വർണ്ണമാണ് ഇവിടുത്തെ പ്രധാനി.
ശവകുടീരത്തിൽ അടക്കം ചെയ്യപ്പെട്ടയാൾക്ക് വേണ്ടി നടത്തിയ മനുഷ്യബലിയുടെ അവശിഷ്ടങ്ങളും ശവകുടീരത്തിൽ നിന്നും കണ്ടെത്തി.നാമയിൽ നിലനിന്നിരുന്ന പുരാതന ശവസംസ്‌കാര രീതിയിലേക്കുള്ള ഏറ്റവും പുതിയ വാതിലാണ് കണ്ടെത്തലെന്ന് പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നു. സ്വർണ്ണ വളകൾ, സ്വർണ്ണ മുത്തുകൾ കൊണ്ട് അലങ്കരിച്ച രണ്ട് ബെൽറ്റുകൾ, മുതലകളുടെ രൂപത്തോട് സാമ്യമുള്ള കമ്മലുകൾ, സ്വർണ്ണം പൊതിഞ്ഞ ബീജത്തിമിംഗലത്തിൻറെ പല്ലുകൾ കൊണ്ട് നിർമ്മിച്ച കമ്മലുകൾ, വൃത്താകൃതിയിലുള്ള സ്വർണ്ണ തകിടുകൾ എന്നിവ ലഭിച്ചവയിൽ ഉൾപ്പെടുന്നു. പുരുഷൻറെയും സ്ത്രീയുടെയും ആകൃതിയിലുള്ള കമ്മലുകൾ, രണ്ട് മണികൾ, നായയുടെ പല്ലുകൾ കൊണ്ട് അലങ്കരിച്ച രണ്ട് പാവാടകൾ, അസ്ഥിയിൽ തീർത്ത ഒരു കൂട്ടം ഓടക്കുഴലുകൾ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തി.
തെക്ക് – വടക്ക് അമേരിക്കൻ വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വളരെ ചെറിയൊരു ഭൂഭാഗമാണ് പനാമ. ഇരുവൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാൽ ഈ പ്രദേശം വഴിയാണ് പണ്ട് മനുഷ്യർ കാൽനടയായി ഇരുഭൂഖണ്ഡങ്ങളിലേക്കും സഞ്ചരിച്ചിരുന്നത്.
ശവകുടീരം പ്രാദേശിക കോക്ലെ സംസ്‌കാരത്തിൽ നിന്നുള്ള ഒരു പ്രധാന മേധാവിയുടേത് ആയിരിക്കാമെന്ന് എൽ കാനോ ഫൗണ്ടേഷൻറെ ഫേസ്ബുക്ക് പേജിൽ പറയുന്നു. അടക്കം ചെയ്യപ്പെട്ട വ്യക്തിക്ക് 30 വയസിനടുത്ത് പ്രായമുണ്ട്. പ്രധാന വ്യക്തിയെ മാറ്റിനിർത്തിയാൽ ‘സഹചാരികളായി അദ്ദേഹത്തെ സേവിക്കാൻ ത്യാഗം സഹിച്ച’ മറ്റ് 31 വ്യക്തികളെയും ഈ ശവകുടീരത്തിൽ കണ്ടെത്തിയെന്ന് ഖനനത്തിന് നേതൃത്വം നൽകിയ ഡോ. ജൂലിയ മയോ പറഞ്ഞു. ഇപ്പോഴും ഖനനം നടക്കുകയാണെന്നും അതിനാൽ ആളുകളുടെ എണ്ണത്തെ കുറിച്ച് അവസാനവാക്ക് പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post