ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ. രണ്ട് മുൻ മന്ത്രിമാരും, മുൻ എംഎൽഎമാരും ഉൾപ്പെടെ നിരവധി പേരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. അടുത്തിടെ മഹാരാഷ്ട്ര മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞ് പോക്ക് ഉണ്ടാകുന്നത്.
മുൻ മന്ത്രിമാരായ രാജേന്ദ്ര യാദവ്, ലാൽ ചന്ദ് കഠാരിയ എന്നിവരും മുൻ എംഎൽഎമാരായ റിച്പാൽ മിർദ, അദ്ദേഹത്തിന്റെ മകൻ വിജയ്പാൽ മിർദ, ഖിലാദി ഭൈരവ, മുൻ സ്വതന്ത്ര എംഎൽഎ അലോക് ബെനിവാൾ, മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സേവ ദൾ സുരേഷ് ചൗധരി, മമറ്റ് നേതാക്കളായ രാംപാൽ ശർമ്മ, റിജു ജുൻജുൻവാല എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ജയ്പൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സി.പി ജോഷി ഇവരെ സ്വാഗതം ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് കഠാരിയ പറഞ്ഞു. തന്റെ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ബിജെപിയിൽ ചേർന്നത്. ബിജെപിയ്ക്ക് കർഷകരുടെ പ്രശ്‌നങ്ങളും വേദനയും മനസിലാക്കാൻ കഴിയും. സാധാരണക്കാരുടെ വിഷമതകൾ അറിയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ദളിതരെ അടിമകളെ പോലെയാണ് കണ്ടിരുന്നത് എന്ന് ഭൈരവ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് രാജേന്ദ്ര യാദവും കൂട്ടിച്ചേർത്തു.
Discussion about this post