തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി ഷമ മുഹമ്മദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ മറുപടി നൽകിയത്. പാർട്ടി വക്താവ് എന്ന് വ്യക്തമാക്കുന്ന എഐസിസി വെബ്‌സൈറ്റിന്റെ ചിത്രം പങ്കു വച്ചുകൊണ്ട് ‘മൈ ഐഡി’ എന്നാണ് ഷമ ഫേസ്ബുക്കിൽ കുറിച്ചത്. ഡോ. ഷമ മുഹമ്മദ്, വക്താവ് എന്നതിനൊപ്പം ചിത്രവും ഡൽഹിയിലെ വിലാസം ഉൾപ്പെടെ ചേർത്തിട്ടുണ്ട്. ഷമ പാർട്ടിയുടെ ആരുമല്ലെന്ന കെ സുധാകരന്റെ പരാമർശത്തോടായിരുന്നു അവരുടെ പ്രതികരണം.
സ്ഥാനാർത്ഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്ന ഷമയുടെ അഭിപ്രായത്തോട് രൂക്ഷമായാണ് കെ സുധാകരൻ പ്രതികരിച്ചത്. ഷമയുടെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് അവർ പാർട്ടിയുടെ ആരുമല്ലെന്നും വിമർശനത്തെ കുറിച്ച് അവരോട് തന്നെ ചോദിക്കാനുമായിരുന്നു കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞത്.
വനിതാ ബിൽ പാസായതിന് ശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിൽ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് നിരാശാജനകമാണെന്നായിരുന്നു ഷമയുടെ വിമർശനം. നേതാക്കൾ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കണം. തോൽക്കുന്നിടത്ത് മാത്രമല്ല, ജയിക്കുന്ന സ്ഥലങ്ങളിലും സ്ത്രീകൾക്ക് സീറ്റ് നൽകണം.
50 ശതമാനം സീറ്റെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. കഴിഞ്ഞ തവണ രണ്ട് സീറ്റെങ്കിലും ഉണ്ടായിരുന്നു. എന്നാൽ, ഇത്തവണ അത് ഒ്ന്നായി കുറഞ്ഞു. രമ്യ ഹരിദാസിന് മാത്രമാണ് സീറ്റ് നൽകിയത്. സംവരണ സീറ്റായതു കൊണ്ട് മാത്രമാണ് രമ്യ ഹരിദാസിന് സീറ്റ് നൽകിയത്. ഇല്ലെങ്കിൽ രമ്യ ഹരിദാസിനെയും തഴയുമായിരുന്നെന്നും ഷമ പറഞ്ഞു. ഷാഫി പറമ്പിലിനെ വടകരയിൽ മത്സരിപ്പിക്കുന്നതിലും അവർ അതൃപ്തി രേഖപ്പെടുത്തി. തൊട്ടടുത്തുള്ള ന്യുനപക്ഷക്കാരെ പരിഗമിക്കാമായിരുന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post