ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ്അജിത് ഡോവൽ. ഇസ്രായേൽ സന്ദർശനത്തിനിടെ ആയിരുന്നു അദ്ദേഹം നെതന്യാഹവുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയ്ക്കും ഇസ്രായേലിനും താത്പര്യമുള്ള വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് ഡോവൽ വ്യക്തമാക്കി.
ഗാസയിലേക്കുള്ള മാനുഷിക സഹായമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. എത്രയും വേഗം ഗാസയിൽ ഉള്ളവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണം എന്ന് അജിത് ഡോവൽ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ നിലവിലെ സാഹചര്യം നെതന്യാഹു അജിത് ഡോവലിന് വിശദീകരിച്ച് നൽകി. ഗാസ മുനമ്പിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും ഇരുവരും സംസാരിച്ചു. യുദ്ധത്തിന് പിന്നാലെ ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാദ്ധ്യമാക്കുന്നത് സംബന്ധിച്ചും അജിത് ഡോവലും നെതന്യാഹുവും തമ്മിൽ ചർച്ച നടത്തി.
നെതന്യാഹുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ ഇസ്രായേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാഖി ഹനേബിയെയും അജിത് ഡോവൽ കണ്ടു. ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരും ചർച്ച നടത്തിയത്. അതേസമയം കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Discussion about this post