ന്യൂഡൽഹി: നികുതി വെട്ടിപ്പിൽ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട് കോൺഗ്രസ്. ആദായ നികുതി വകുപ്പിന്റെ തുടർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയത്.
ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിലെ വിവരങ്ങൾ പരിശോധിച്ചതിന് പിന്നാലെ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഫണ്ട് മരവിപ്പിച്ചതിന് പിന്നാലെ കോൺഗ്രസ് തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ആദായന നികുതി അപേക്ഷ ട്രൈബ്യൂണലിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് ട്രൈബ്യൂണൽ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി ഹൈക്കോടതിയിൽ എത്തിയത്.
എന്നാൽ ആദായനികുതി അപേക്ഷ ട്രൈബ്യൂണലിന്റെ ഉത്തരവിൽ ഇടപെടേണ്ടതായുള്ള ഒരു സാഹചര്യവും നിലവിൽ കാണുന്നില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിന് പിന്നാലെ ഒരിക്കൽ കൂടി ട്രൈബ്യൂണലിനെ സമീപിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
കോൺഗ്രസ് പാർട്ടി 102 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഇതേ തുടർന്ന് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കുമെന്ന് കാണിച്ച് കോൺഗ്രസിന് നോട്ടീസ് നൽകുകയായിരുന്നു. ഈ നടപടിക്രമങ്ങൾ നിർത്തിവയ്ക്കണം എന്നാണ് കോൺഗ്രസിന്റെ നിലവിലെ ആവശ്യം. അതേസമയം ഹർജി തള്ളിയ സാഹചര്യത്തിൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കാനാണ് സാദ്ധ്യത.
Discussion about this post