മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ഇനി മുതൽ അഹല്യനഗറെന്ന് അറിയപ്പെടും. പേര് മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ഇത്. മറാത്ത രാജ്ഞിയായിരുന്ന അഹില്യഭായ് ഹോൾക്കറിനോടുള്ള ആദര സൂചകമായാണ് അഹമ്മദ്‌നഗർ അഹല്യനഗറാക്കുന്നത്.
അഹമ്മദ് നഗറിന്റെ പേര് മാറ്റുമെന്ന് കഴിഞ്ഞ മെയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി അദ്ദേഹം തന്നെയാണ് പേര് മാറ്റത്തിനുള്ള നിർദ്ദേശം മന്ത്രിസഭയ്ക്ക് മുൻപാകെ അവതരിപ്പിച്ചത്. ഇതിന് സഭ ഐക്യകണ്‌ഠേന അനുമതി നൽകുകയായിരുന്നു. ഔദ്യോഗിക രേഖകളിൽ ഉൾപ്പെടെ പേര് മാറ്റം നടത്തുന്നതിനായുള്ള നടപടിക്രമങ്ങൾ സർക്കാർ ഉടൻ ആരംഭിക്കും.
മഹാരാഷ്ട്രയിലെ നിസാംഷാഹി രാജവംശത്തിന്റെ സ്ഥാപകനായ അഹമ്മദ് നിസാംഷാഹിയുടെ പേരിൽ നിന്നാണ് സ്ഥലത്തിന് അഹമ്മദ് നഗർ എന്ന നാമം നൽകിയത്. നേരത്തെ ഔറംഗബാദ് സാംബാജി നഗർ എന്നും, ഒസ്മാനബാദ് ധരാശിവ് എന്നും പുന:ർനാമകരണം ചെയ്തിരുന്നു.
Discussion about this post