ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പാർട്ടിയ്ക്ക് ഒന്നിനും പണമില്ലാതായെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ജനങ്ങളുടെ പണമാണ് അത്. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോൺഗ്രസിനെ തകർക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത് എന്നും ഖാർഗെ ആരോപിച്ചു.
പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. ജനങ്ങളുടെ പണമാണ് ഇത്. ഇതാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മരവിപ്പിച്ചിരിക്കുന്നത്. വലിയ തുകയാണ് വകുപ്പ് പാർട്ടിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇത് അന്യായമാണ്. തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാർട്ടിയെ വിജയിപ്പിക്കണം. നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാൻ അതല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രവർത്തിക്കാനുമെല്ലാം എല്ലാ പാർട്ടികൾക്കും ഒരുപോലെ അവസരവും അവകാശവും വേണം. തങ്ങളുടെ 200 കോടിയോളം രൂപ എത്തരത്തിൽ മരവിപ്പിച്ചാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാനാണെന്നും ഖാർഗെ ചോദിച്ചു.
Discussion about this post