ടെഹ്‌റാൻ: ആശുപത്രിയിൽ ഹിജാബ് ധരിക്കാതെ വന്നതിന്റെ പേരിൽ തന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മതപുരോഹിതനെ ചോദ്യം ചെയ്ത് മാതാവ്. ഇറാനിയൻ മതപുരോഹിതനുമായി യുവതി തർക്കിക്കുന്ന വീഡിയോ ചർച്ചയായിരുന്നു.
ഇറാനിയൻ നഗരമായ കോമിലെ ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. ശിരോവസ്ത്രം ധരിക്കാതെ ഓടിയെത്തിയ യുവതി തന്റെ കുഞ്ഞിന് വൈദ്യസഹായം തേടുകയായിരുന്നു. പുരോഹിതൻ തന്റെ ഫോണിൽ ഇത് റെക്കോർഡുചെയ്യുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇറാനിൽ പൊതുസ്ഥലത്ത് സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണ്. ഈ സാഹചര്യത്തിലാണ് പുരോഹിതൻ അടിയന്തര ഘട്ടത്തിൽ കുഞ്ഞുമായി ആശുപത്രിയിലെത്തിയ മാതാവിനെ കുടുക്കാൻ ശ്രമിച്ചത്.












