തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് തുടർപഠനത്തിനായി സീറ്റ് നേടിയ സംഭവത്തിൽ നടപടി നേരിട്ട അദ്ധ്യാപകനെ വീണ്ടും പ്രിൻസിപ്പാൾ ആക്കാൻ നീക്കം. എംഎസ്എം കോളേജിലെ അദ്ധ്യാപകൻ ഡോ. മുഹമ്മദ് താഹയ്ക്ക് പ്രിൻസിപ്പാളിന്റെ ചുമതല നൽകാൻ നീക്കം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
നിഖിൽ തോമസിന്റെ സർട്ടിഫിക്കേറ്റ് പരിശോധിച്ചതിൽ താഹയ്ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു പ്രിൻസിപ്പാളിന്റെ ചുമതലകളിൽ നിന്നും നീക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി താഹയ്ക്ക് വീണ്ടും ചുമതല നൽകുന്ന ഫയലിന് അംഗീകരാം നൽകുകയായിരുന്നു. സിൻഡിക്കേറ്റ് കൂടി അംഗീകാരം നൽകിയാൽ താഹയ്ക്ക് പിൻസിപ്പാളിന്റെ ചുമതല നൽകും.
എംകോമിന് അഡ്മിഷൻ ലഭിക്കുന്നതിന് വേണ്ടിയാണ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കേറ്റ് ചമച്ചത്. ഇതുപയോഗിച്ച് കോളേജിൽ എംകോമിന് സീറ്റ് നേടുകയും ചെയ്തു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ സർട്ടിഫിക്കേറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ബികോമിന് ജയിക്കാതെ ജയിച്ചെന്ന് കാട്ടിയുള്ള ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കേറ്റ് ആണ് നിഖിൽ തോമസ് നൽകിയത്.
Discussion about this post