എറണാകുളം: കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ പ്രിൻസിപ്പാൾ മൈക്ക് പിടിച്ചു വാങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ജാസി ഗിഫ്റ്റ്. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുത്. വേദികളിൽ പാട്ടുകാരനൊപ്പം കോറസ് പാടാൻ ആളു വരുന്നത് സാധാരണയാണ്. തന്നോടൊപ്പം അദ്ദേഹം വന്നത് പ്രിൻസിപ്പാൾ കണ്ടതാണ്. എന്നാൽ, അപ്പോഴൊന്നും പ്രതികരിക്കാതെ പാട്ടു പാടി തുടങ്ങിയപ്പോൾ മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നുവെന്ന് ജാസി ഗിഫ്റ്റ് വ്യക്തമാക്കി.
‘പാടിക്കൊണ്ടിരുന്നപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ വന്ന് മൈക്ക് പിടിച്ചു വാങ്ങി പരിപാടി തടസപ്പെടുത്തുകയായിരുന്നു. ഒരു കലാകാരനിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങുന്നത് അദ്ദേഹത്തെ അപമാനിക്കലാണ്. താൻ പാടാൻ വന്നതാണെന്ന് പ്രിൻസിപ്പാളിന് അറിയാം. എന്നാൽ, പാടി തുടങ്ങിയപ്പോഴേക്കും തടസം നിൽക്കുകയായിരുന്നു. ഒരു കലാകാരനെന്ന നിലയിൽ ഇടക്കി കയറി വന്ന് പരിപാടി തടസപ്പെടുത്തിയത് ഒരുപാട് വേദനിപ്പിച്ചു’- ജാസി ഗിഫ്റ്റ് പറഞ്ഞു.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെയാണ് സംഭവം. അദ്ദേഹത്തിനൊപ്പം കോറസ് പാടുന്നതിന് ഒരു പാട്ടുകാരൻ വന്നിരുന്നു. എന്നാൽ, പരിപാടിയിൽ ജാസി ഗിഫ്റ്റിന് മാത്രമാണ് പാടാൻ അനുമതിയെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുമാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് ജാസി വേദിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
Discussion about this post