ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിനെ സസ്‌പെൻഡ് ചെയ്തു. കുളമാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് അജീഷ്. ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ നിന്നാണ് ഇയാൾ വായ്പ എടുത്തത്.
പടമുഖം സ്വദേശിയായ കെ കെ സിജുവിന്റെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറുപേർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. 2017ലാണ് അജീഷ് 20 ലക്ഷം രൂപ പോലീസ് സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്തത്. നാലുപേരുടെ ജാമ്യത്തിൽ ആയിരുന്നു വായ്പ. ഇതിൽ തന്റെ ഒപ്പ് വ്യാജമായി ഇട്ടുവെന്നായിരുന്നു കെ കെ സിജുവിന്റെ പരാതി. എസ് പി ഓഫീസിലെ അക്കൗണ്ടന്റ് ഓഫീസർ നൽകിയ സാലറി സർട്ടിഫിക്കറ്റ് ആണ് ജാമ്യത്തിനായി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു സാലറി സർട്ടിഫിക്കറ്റ് അപേക്ഷ നൽകിയിട്ടില്ലെന്ന് സിജു പറഞ്ഞിരുന്നു. സാലറി സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് സഹകരണ സംഘം പണം അനുവദിച്ചത്.
അജീഷ് വായ്പ തരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരിൽ നിന്നും ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്. സിജു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് അജീഷിനെ സസ്‌പെൻഡ് ചെയ്തത്.
Discussion about this post