കാബൂൾ; ഒരു പെണ്ണായി ജനിക്കേണ്ടായിരുന്നു എന്ന് തോന്നുന്ന നിമിഷങ്ങൾ ഒട്ടുമിക്ക സ്ത്രീകൾക്കും ഒരിക്കലെങ്കിലും തോന്നിക്കാണും. എന്നാൽ ജനിക്കുകയേ വേണ്ടായിരുന്നുവെന്ന് ഓരോ നിമിഷവും തോന്നിപ്പിക്കുന്ന ജീവിതങ്ങൾ നയിക്കുന്നവരാണ് അഫ്ഗാനിലെ സ്ത്രീകൾ. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിലേറിയതോടെ അവസാന വെളിച്ചവും നഷ്ടപ്പെട്ടുവെന്ന് ദുഃഖത്തോടെ മനസിലാക്കിയവർ. അക്കൂട്ടത്തിൽ കാബൂളിലെ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു.
മതത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽപ്പെട്ട് സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് കണ്ട് നിൽക്കാൽ അവർക്കായില്ല. ആൾബലമോ ആയുധബലമോ ഇല്ലാതിരുന്ന അവർ തങ്ങൾക്ക് ജന്മസിദ്ധമായി ലഭിച്ച കഴിവ് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു.
സംഗീതം ഹറാമായിരുന്ന, ആ നാട്ടിൽ സംഗീതം തന്നെ അവർ ആയുധമാക്കി. സോഷ്യൽ മീഡിയയിൽ ലാസ്റ്റ് ടോർച്ച് എന്ന പേരിൽ ഒരു സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ചു. ഞങ്ങൾ ഗാനങ്ങൾ ആലപിക്കാൻ പോകുന്നു. പക്ഷേ അത് ഞങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം എന്ന് സഹോദരിമാരിൽ ഒരാൾ ഗാനം ആലപിക്കും മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷം ആദ്യ ഗാനം പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും അത് ലോകം മുഴുവൻ പടർന്ന് പിടിച്ചു. സംഗീതത്തിന്റെ യാതൊരു പശ്ചാത്തലവുമില്ലാതെ അഫ്ഗാനിസ്ഥാന്റെ ഏതോ കോണിൽ ബുർഖക്കുള്ളിൽ മറഞ്ഞിരുന്ന് അവർ പാടുന്ന പാട്ടുകൾ ലോകം ഏറ്റെടുത്തു. ഞങ്ങളുടെ പോരാട്ടം താലിബാന്റെ പതാകയ്ക്ക് കീഴിൽ താലിബാനെതിരെ ആരംഭിച്ചു. താലിബാൻ അധികാരത്തിലേറും മുൻപ് പേനെയെടുത്ത് ഒരു കവിത പോലും എഴുതാത്തവളായിരുന്നു ഞാൻ.. എന്നാലിന്ന്… !! സഹോദരിമാരിലൊരാൾ പറഞ്ഞു നിർത്തുന്നു.
അധികാരത്തിലേറി 20 ദിവസത്തിനുള്ളിൽ താലിബാൻ തങ്ങളുടെ തനിനിറം പുറത്തെടുത്തു. ശരീഅത്ത് നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള സൂത്രപ്പണികൾ ചെയ്ത് തുടങ്ങി. ചെറുത്തുനിൽക്കാൻ സ്ത്രീകളടക്കം തെരുവിലിറങ്ങിയെങ്കിലും അടിച്ചമർത്തലായിരുന്നു ഫലം. തങ്ങളുടെ പ്രതീക്ഷയുടെ അവസാന വെളിച്ചമായിരുന്നുവെന്ന് ഈ സംഭവം ഓർത്തെടുത്ത് രണ്ടാമത്തെ സഹോദരി പറയുന്നു.
അത് കൊണ്ടാണ് ഗാനങ്ങളിലൂടെയുള്ള തങ്ങളുടെ ചെറുത്തുനിൽപ്പിനെ ലാസ്റ്റ് ടോർച്ച് എന്ന് വിളിക്കാൻ തീരുമാനിച്ചത്. മറ്റെങ്ങോട്ടും രക്ഷയില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം വീട്ടിലിരുന്ന് ഈ ബുർഖയ്ക്കുള്ളിൽ മറഞ്ഞിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു. ആദ്യഗാനം പോലെ പിന്നീടുള്ള എല്ലാം ഗാനങ്ങളും നീല ബുർഖയ്ക്കുള്ളിലിരുന്നാണ് അവർ ആലപിച്ചത്.
അവർ ആലപിച്ച കവിതകളിലൊന്ന് അന്തരിച്ച നാദിയ അഞ്ജുമാന്റെ കവിതയായിരുന്നു. 1996 ലെ ആദ്യ താലിബാൻ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച പെൺ കവിത. എന്റെ വായിൽ വിഷം നിറയുമ്പോൾ ഞാൻ എങ്ങനെ തേനിനെ കുറിച്ച് സംസാരിക്കും? അയ്യോ എന്റെ വായ ക്രൂരമായ മുഷ്ടി കൊണ്ട് തകർക്കപ്പെടുന്നു. ഓ ഞാൻ കൂട് തകർക്കുന്ന ദിവസത്തിൽ ഈ ഒറ്റപ്പെടലിൽ നിന്ന് മോചിതരായി സന്തോഷത്തോടെ പാടുക.. എന്നായിരുന്നു ആ കവിത ആരംഭിക്കുന്നത്.
ഗായകരായ ഈ സഹോദരിമാർ തങ്ങളുടെ ബുർഖയെ ഒരു മൊബൈൽ കേജ് ആയി ആണ് കണക്കാക്കുന്നത്. ഏഴ് ഗാനങ്ങൾ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂവെങ്കിലും അതിലൂടെ അവർ ലോകത്തോട് സംസാരിച്ചു. ആദ്യം മറ്റ് എഴുത്തുകാരുടെ പാട്ടുകളാണ് ഉപയോഗിച്ചിരുന്നുവെങ്കിൽ പിന്നീട് തങ്ങളുടെ യാതനകൾ ആ വരികളാൽ വിശദീകരിക്കാനാവാതെ വന്നു. അന്ന് മുതലാണ് ബുർഖയ്ക്കുള്ളിൽ മറഞ്ഞിരുന്ന് അവർ കവിതകൾ എഴുതാനും ആരംഭിച്ചത്.
സ്ത്രീകളുടെ ദൈംദിനജീവിതത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്രൂര നിബന്ധനകൾ, പ്രതിഷേധിക്കുന്നവരെ തടവിലാക്കുന്നത്, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെല്ലാം അവരുടെ ഗാനങ്ങളാകുന്നു. സംഗീതത്തെ പോലും താലിബാൻ നിരോധിച്ചതോടെ കാര്യങ്ങൾ കൂടുതൽ കടുപ്പമായി. താലിബാന്റെ തോക്കിൻമുന സ്വപ്‌നം കണ്ടായി പിന്നീടവരുടെ ഉറക്കം. കാലചക്രം പിന്നെയും കറങ്ങി. എന്തായാലും ആ സഹോദരിമാർ പുതിയ പാട്ടുകളുടെ പണിപ്പുരയിലാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ. “ഞങ്ങളുടെ ശബ്ദം നിശബ്ദമാകില്ല, ഞങ്ങൾ തളർന്നിട്ടില്ല”. പോരാട്ടത്തിന്റെ തുടക്കം മാത്രമാണിതെന്ന് അവർ പറഞ്ഞ് നിർത്തുന്നു.”
Discussion about this post