തൃശൂർ: ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്ഗോപി 12 ലക്ഷം രൂപ നൽകി. 10 ട്രാൻസ്ജെൻഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നൽകാമെന്ന് കഴിഞ്ഞ നവംബറിലെ കേരളപ്പിറവിദിനത്തിൽ താരസംഘടനയായ ‘അമ്മ’യുടെ ആഘോഷത്തിനിടെ സുരേഷ്ഗോപി അറിയിച്ചിരുന്നു. ഇന്ന് രാവിലെ നെട്ടിശ്ശേരിയിലെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്.
അനീഷ, മിഖ, വീനസ് പോൾ, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എൽസ, അദ്രിജ എന്നീ പത്ത് പേർക്കാണ് ആദ്യഘട്ടത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഒരാൾക്ക് 1,20,000 രൂപ ചിലവ് വരും. സർക്കാരിൽ നിന്ന് പിന്നീട് ശസ്ത്രക്രിയയ്ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോൾ പണം തിരിച്ചുകിട്ടുന്നതിന് ഒരു വർഷമെങ്കിലും കാലതാമസം വരും. പണം തിരിച്ചുകിട്ടുന്നതു പ്രകാരം അടുത്ത പത്ത് പേർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം.
പണം തനിക്ക് തിരിച്ചുതരേണ്ടതില്ലെന്നും, സർക്കാരിൽ നിന്ന് തുക തിരിച്ചുകിട്ടുന്ന മുറയ്ക്ക് അടുത്ത പത്ത് പേർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും സുരേഷ്ഗോപി ചടങ്ങിൽ നിർദേശിച്ചിരുന്നു. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.
മുംബൈ പ്രതീക്ഷാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുജിത് ഭരത്, കിരൺ കേശവൻ, ബൈജു പുല്ലംങ്കണ്ടം, ഷീബ സുനിൽ, ടി.ആർ ദേവൻ എന്നിവരും സംബന്ധിച്ചു.












