തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ സഖ്യമായ ഇൻഡിയിൽ ഭിന്നത തുടരുന്നു. കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽഗാന്ധിയും കെ സി വേണുഗോപാലും കേരളത്തിൽ മത്സരിക്കുന്നതിനെച്ചൊല്ലിയാണ് ഭിന്നത. ഇതേത്തുടർന്നാണ്് ഇന്ത്യ മുന്നണി ഇന്നലെ മുംബൈ ശിവജി പാർക്കിൽ സംഘടിപ്പിച്ച മഹാറാലിയിൽ നിന്നും സിപിഎം, സിപിഐ ജനറൽ സെക്രട്ടറിമാർ വിട്ടു നിന്നതെന്നാണ് സൂചന.
ഇന്ത്യ മുന്നണിയിലെ സുപ്രധാന കക്ഷികളായ സിപിഎമ്മിനും സിപിഐക്കുമെതിരെയാണ് രാഹുലും വേണുഗോപാലും മത്സരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ സിപിഐക്കും, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആലപ്പുഴയിൽ സിപിഎമ്മിനുമെതിരെയാണ് മത്സരിക്കുന്നത്. ഒരേ മുന്നണിയിലെ പാർട്ടികൾക്കെതിരെ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ മത്സരിക്കുന്നത് എന്തു സന്ദേശമാണ് നൽകുന്നതെന്നും ഇടതു നേതാക്കൾ ചോദിക്കുന്നു.
രാഹുൽഗാന്ധിക്ക് ദക്ഷിണേന്ത്യയിൽ മത്സരിക്കണമെങ്കിൽ തമിഴ്നാട്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പരിഗണിക്കാമായിരുന്നു. എന്തിന് ബിജെപിക്ക് വിജയസാധ്യത തീരെ കുറവുള്ള കേരളം തെരഞ്ഞെടുത്തു?. ബിജെപിയാണ് മുഖ്യശത്രുവെന്ന് കോൺഗ്രസ് പറയുന്നു. എന്നിട്ട് എന്തിനാണ് ഇടതുപക്ഷത്തിനെതിരെ പോരാട്ടത്തിന് തയ്യാറായത്. ഇത് വോട്ടർമാർക്ക് എന്തു സന്ദേശമാണ് നൽകുന്നതെന്നും ഇടതു നേതാക്കൾ ചോദിക്കുന്നു.
Discussion about this post