ന്യൂഡൽഹി:മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും. ജസ്റ്റിസുമാരായ സുരേഷ് കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഇഡി പുറപ്പെടുവിച്ച ഒമ്പത് സമൻസുകളും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും, നിയമനടപടികളും വ്യവസ്ഥകളും ലംഘിച്ചാണ് നൽകിയതെന്നും കെജ്രിവാൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നാളെ നേരിട്ട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മുഖ്യമന്ത്രിക്ക് ഒമ്പതാമത്തെ സമൻസ് അയച്ചത്. ഇതിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറോളം സമൻസുകൾ ഒഴിവാക്കിയതിന് കെജ്രിവാളിനെതിരെ ഇഡി പരാതി നൽകിയിരുന്നു. ഇതിൽ രണ്ട് പരാതികളിന്മേൽ ഡൽഹി കോടതി കഴിഞ്ഞ ദിവസം കെജ്രിവാളിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
മദ്യനയം രൂപീകരിച്ചപ്പോൾ ക്രമക്കേടുകൾ നടന്നുവെന്നും, ലൈസൻസ് ഉടമകൾക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്നുമാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Discussion about this post