മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. ഒരു കോടിയോളം രൂപയുടെ കൊക്കെയിനുമായി നാല് പേർ റവന്യൂ വകുപ്പിന്റെ (ഡിആർഐ) പിടിയിലായി. എത്തിയോപ്യയിൽ നിന്നും മയക്കുമരുന്നുമായി വന്ന ഇൻഡോനേഷ്യൻ, തായ് വനിതകളാണ് ആദ്യം പിടിയിലായത്. 9.83 കിലോ മയക്കുമരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയ്ക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പിടിയിലായ വനിതകൾ ഡിആർഐയ്ക്ക് മൊഴി നൽകി. ഇിതിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് സംഘത്തിലെ മറ്റു കണ്ണികളെ പിടികൂടാനായി ഡിആർഐ സംഘം ഗ്രേറ്റർ നോയിഡയിൽ വലവിരിക്കുകയായിരുന്നു. സംഘത്തിലെ മുഖ്യസൂത്രധാരൻ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നീണ്ട പരിശ്രമത്തിനൊടുവിലാണ് നൈജീരിയൻ സ്വദേശിയായ മുഖ്യ പ്രതിയെയും സഹായിയെയും അതിസാഹസികമായി പിടികൂടിയത്.
തുടർന്ന് അന്വേഷണ സംഘം നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ ഡിആർഐ ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളേറ്റു. ശ്രീലങ്ക, നൈജീരിയ, എത്തിയോപ്യ എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചു കിടക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റാണ് ഇതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
Discussion about this post